കൗതുകച്ചെപ്പഴിച്ച് പഴമയുടെ പ്രദര്‍ശനം

Posted By : ktmadmin On 3rd October 2013


പെരുന്ന: മുമ്പില്‍ വന്നു നിന്ന കുട്ടികള്‍ക്ക് പഴയകാലറേഡിയോയും മരപ്പാണിയും താളിയോലയും പരിചയപ്പെടുത്തി കൊടുക്കുമ്പോഴും വിദ്യാര്‍ഥികളുടെ മുഖത്തെ ആശ്ചര്യം മാറുന്നില്ല.
ആമാടപ്പെട്ടി, മുറുക്കാന്‍ചെല്ലം, വിവിധ തരത്തിലുള്ള പറകള്‍, നാഴി. എഴുത്തോല, മരഭരണി, റാന്തല്‍, ആഭരണപ്പെട്ടികള്‍ തുടങ്ങി പാരമ്പര്യത്തിന്റെ മുഖമുദ്രയായ പഴയസാധനങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തിനായി എത്തിച്ചു. കുട്ടികള്‍ തയ്യാറാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, അലങ്കാരവസ്തുക്കള്‍, ആഭരണങ്ങള്‍, പാവകള്‍, കണ്ടുപിടിത്തങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തിനുണ്ടായിരുന്നു. എന്‍. എസ്. എസ്. ഗേള്‍സ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം സ്‌കൂള്‍ ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോകത്തിലെ മഹാത്ഭുതങ്ങളുടെ പ്രദശനവും സംഘടിപ്പിച്ചിരുന്നു. കൂടാതെ നക്ഷത്രവനവും ഔഷധസസ്യങ്ങളും കുട്ടികള്‍ തയ്യാറാക്കിയിരുന്നു.
പ്രഥമാധ്യപിക എസ്. മീരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എന്‍. എസ്. എസ്. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. രവീന്ദ്രനാഥ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ അജിതാനായര്‍, ആര്‍. ഹരിശങ്കര്‍, പി. ടി. എ പ്രസിഡന്റ് ഹരികൃഷ്ണന്‍, ശ്രീലക്ഷ്മി, മേഘ, മീനുവിനോദ്, ദേവിപ്രിയ. എന്നിവര്‍ സംസാരിച്ചു

Print this news