മുഹമ്മ: ലോക വിനോദസഞ്ചാര ദിനത്തില്‍ കെ.ഇ. കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇല്ലത്തുകാവിലേക്ക് പരിസ്ഥിതി സൗഹാര്‍ദ യാത്ര നടത്തി. അപൂര്‍വ്വം സസ്യജാലങ്ങള്‍ നിറഞ്ഞ കാവിലേയ്ക്കുള്ള യാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി.ചെറുപുന്നയും തമ്പകവും ചൂരല്‍വള്ളികളും ചുണ്ണാമ്പു വള്ളികളും നിഴല്‍ വിരിച്ച കാവിനുള്ളില്‍ നാട്ടറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ പ്രദേശവാസികളും എത്തി. പ്രകൃതിയും മനുഷ്യനും വേറിട്ടതല്ല ജീവിതമെന്നും എല്ലാം ഒന്നായിത്തീരുന്ന ഒരു കേന്ദ്രീകൃത വ്യവസ്ഥയാണ് ആവാസമെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. മാത്യു തെങ്ങുംപള്ളി വിശദീകരിച്ചു. ആമ്പല്‍പ്പൂക്കള്‍ പറിച്ചും മരങ്ങളില്‍ കയറിയും ചെറുപുന്നത്തണലിരുന്ന് ഭക്ഷണം കഴിച്ചും കുട്ടികള്‍ യാത്രയെ മധുരമാക്കി. സ്കൂളിലെ സീഡ് കോ- ഓര്‍ഡിനേറ്റര്‍ എം.പി. അനില്‍കുമാര്‍, അധ്യാപകരായ ജേക്കബ് ഐ. ചാക്കോ , സെബാസറ്റിയന്‍, സ്റ്റാഫ് അംഗമായ ശരത്, വിദ്യാര്‍ഥികളായ ആഞ്ജലീന, അപര്‍ണ ഓമനക്കുട്ടന്‍, ആദര്‍ശ് തങ്കു, വിവേക്, ദേവാംഗന, ഡയാന തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.