ചാത്തന്നൂര്‍: മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ പോലീസ് സേനാംഗങ്ങളും. ചാത്തന്നൂര്‍ എ.സി.പി. വി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സീഡ് പ്രവര്‍ത്തകരുമായി സഹകരിക്കുന്നത്.
സീഡിന്റെ ആദ്യലക്ഷ്യമായ ഭൂമിക്ക് പച്ചപ്പുതപ്പ് എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി വൃക്ഷത്തൈ നടലാണ് പോലീസ് ആദ്യം നടപ്പാക്കുന്നത്. വനംവകുപ്പില്‍നിന്ന് 50 പൈസ നിരക്കില്‍ പോലീസ് വാങ്ങിയ മഹാഗണി തൈകള്‍ സീഡ് പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി നല്‍കും. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചാത്തന്നൂര്‍ എ.സി.പി. വി.സുരേഷ്‌കുമാറുമായോ മാതൃഭൂമി ചാത്തന്നൂര്‍ ബ്യൂറോ ഓഫീസുമായോ ബന്ധപ്പെട്ടാല്‍ വൃക്ഷത്തൈകള്‍ ലഭ്യമാകും. ഓരോ സ്‌കൂളിനും 25 മഹാഗണി തൈകള്‍വീതം നല്‍കാനാണ് പോലീസിന്റെ തീരുമാനം. സാഹചര്യമനുസരിച്ച് കൂടുതല്‍ തൈകള്‍ ലഭിച്ചേക്കാം. ഓരോ സ്‌കൂളിലെയും സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചാത്തന്നൂര്‍ എ.സി.പി.യുമായി ബന്ധപ്പെട്ടാല്‍ മതിയാകും. സീഡ് പോലീസിലെ അംഗങ്ങള്‍ക്കും ചാത്തന്നൂര്‍ എ.സി.പി.യുമായി നേരിട്ട് ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യമുണ്ട്.
സ്‌കൂളുകള്‍ക്ക് സമീപത്ത് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്നവരെക്കുറിച്ച് സീഡ് പോലീസ് അറിയിച്ചാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് എ.സി.പി.അറിയിച്ചു.