മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം സമൂഹത്തിന് വഴികാട്ടി

Posted By : ktmadmin On 12th July 2013


കുറവിലങ്ങാട്:സാമൂഹിക നന്മ ലക്ഷ്യമിട്ട് 'മാതൃഭൂമി സീഡ്' സ്‌കൂള്‍ വിദ്യാര്‍ഥികളിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരവും മാതൃകാപരവുമാണെന്ന് കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ ഏലിയാമ്മ മാത്യു പറഞ്ഞു. പാലാ, കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലകളിലെ സീഡ് കോ- ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പിന്നിട്ട നാല് വര്‍ഷങ്ങളിലും സീഡ് പ്രവര്‍ത്തകര്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാണിച്ച് സംസാരിച്ച എ.ഇ.ഒ. ഭാവിപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ ആശയങ്ങളും പങ്കുവച്ചു.കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജെ. സാംസണ്‍, ഫെഡറല്‍ ബാങ്ക് കോട്ടയം ചീഫ് മാനേജര്‍ ഡി. ജയകുമാര്‍ എന്നിവര്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ പിന്തുണ അറിയിച്ചു.
മാതൃഭൂമി കോട്ടയം ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതവും കോട്ടയം യൂണിറ്റ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ ടി. സുരേഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി കോട്ടയം യൂണിറ്റിലെ സീനിയര്‍ സബ് എഡിറ്റര്‍ പി.ജെ. ജോസ്, സോഷ്യല്‍ ഇന്‍ഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ആര്‍. നിധിന്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ നയിച്ചു.
ആശയങ്ങള്‍ മുന്നോട്ടുവച്ചും അനുഭവങ്ങള്‍ പങ്കുവച്ചും അധ്യാപകര്‍ പരിശീലന പരിപാടിയെ സര്‍ഗാത്മകമാക്കി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പുത്തന്‍ തലമുറയയ്ക്ക് നല്‍കേണ്ട സമൂഹ നന്മയുടെ പാഠങ്ങളും ഹൃദയത്തിലേറ്റുവാങ്ങി സീഡ് പ്രതിജ്ഞയും എടുത്താണ് അധ്യാപകര്‍ മടങ്ങിയത്.

Print this news