വീട്ടുവായന വീണ്ടെടുക്കാന്‍ 'വീട്ടില്‍നിന്നൊരു പതിപ്പു'മായി കുട്ടികള്‍

Posted By : ksdadmin On 21st September 2013


 ചീമേനി: ചാനല്‍വാര്‍ത്തകളും റിയാലിറ്റിഷോകളും വീടുകളില്‍നിന്ന് വായനയെ അകറ്റുമ്പോള്‍ കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും സൃഷ്ടികള്‍ ചേര്‍ത്ത് കുട്ടികളുടെ കൈയെഴുത്തുമാസിക. ആലന്തട്ട എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബും വിദ്യാരംഗം കലാസാഹിത്യവേദിയും ചേര്‍ന്നാണ് വീട്ടില്‍നിന്നൊരു പതിപ്പ് പുറത്തിറക്കിയത്. 

കുട്ടികളുടെ സൃഷ്ടികള്‍ക്കുപുറമെ മുത്തശ്ശിയില്‍നിന്നും കേട്ടറിഞ്ഞ നാട്ടിപ്പാട്ടുമുതല്‍ പാചകക്കുറിപ്പും അനുഭവക്കുറിപ്പും നാടിന്റെ ചരിത്രവും മാസികയില്‍ സ്ഥാനംപിടിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാടിന്റെ പ്രത്യേകതകളാണ് കുട്ടികള്‍ വീട്ടില്‍നിന്നൊരു പതിപ്പില്‍ നിറയ്ക്കുന്നത്. 
നാലുമുതല്‍ ഏഴുവരെ ക്ലാസുകളിലെ അറുപതോളം കുട്ടികളുടെ കൈയെഴുത്തുമാസികകള്‍ കൂട്ടിച്ചേര്‍ത്തതാണ് വീട്ടില്‍നിന്നൊരു പതിപ്പ്. 
       മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച മാസികയുടെ പണിപ്പുരയില്‍ ആലന്തട്ടഗ്രാമം കുട്ടികളോടൊപ്പം ചേര്‍ന്നപ്പോള്‍ നാടിന്റെ ചരിത്രനിര്‍മിതിയുടെ തുടക്കം കൂടിയായി. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യ വികസനത്തില്‍ ഒതുങ്ങിയ രക്ഷാകര്‍ത്താക്കളുടെ പങ്ക് മാസികയിലൂടെ അക്കാദമിക രംഗത്തും സജീവമായി. 
മാസിക പ്രകാശനച്ചടങ്ങും ഓണാഘോഷവും കയ്യൂര്‍- ചീമേനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാസിക പ്രകാശനകര്‍മം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.പ്രകാശ്കുമാര്‍ നിര്‍വഹിച്ചു. പി.പി.വേണുഗോപാലന്‍, ടി.ശ്രീജ, ടി.ശൈലജ, കെ.വനജാക്ഷി, കെ.വി.ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.  
 

Print this news