കട്ടപ്പന: പരിസ്ഥിതിസംരക്ഷണവും പരിസ്ഥിതിവിദ്യാഭ്യാസവും ജീവിതദര്‍ശനമായി മാറണമെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു.
മാതൃഭൂമി സീഡ് പദ്ധതിയുടെ കട്ടപ്പന വിദ്യാഭ്യാസജില്ലാതല അധ്യാപകപരിശീലനപരിപാടി കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മനുഷ്യരുടെ ബൗദ്ധികകണ്ടെത്തലുകളോ പരിരക്ഷണനിയമങ്ങളോ കൊണ്ടുമാത്രം പരിസ്ഥിതിയെ സംരക്ഷിക്കാനാവില്ല. പ്രകൃതിസംരക്ഷണം ജീവിതവ്രതമാകണം. പരിസ്ഥിതിവിദ്യാഭ്യാസം അതിന് ഉതകുന്നവിധമാകണം. പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വകമായ വിനിയോഗം നാം ശീലിക്കണം. ഇതിനുള്ള സര്‍ഗാത്മകത വിദ്യാര്‍ഥികളില്‍ വളര്‍ത്താനും സ്വാധീനശക്തിയും പ്രേരകശക്തിയുമാവാനും സീഡ് പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജോണ്‍ മാത്യു പറഞ്ഞു. ജീവന്‍, ഭക്ഷണം, ജലം എന്നിവയെക്കുറിച്ചുള്ള കരുതല്‍ ചെറുപ്രായത്തില്‍ത്തന്നെ വിദ്യാര്‍ഥികളില്‍ വേരുറയ്ക്കുന്നത് സമൂഹനന്മയ്ക്ക് ഉതകും-അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതിസംരക്ഷണത്തിന്റെ അവിഭാജ്യഘടകമാണ് മാലിന്യസംസ്‌കരണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കട്ടപ്പന ഡി.ഇ.ഒ. പി.വി.ശാന്തമ്മ പറഞ്ഞു. പ്രകൃതിയെ മലിനപ്പെടുത്താതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. ഇതിനായി അവബോധം ചെറുപ്പത്തിലേ കുട്ടികള്‍ നേടണം. സ്‌കൂള്‍പരിസരം വൃത്തിയായി സംരക്ഷിക്കുന്നതിലൂടെയും ജൈവമാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിലൂടെയും അതിന് തുടക്കമിടണം. വൃക്ഷത്തൈകള്‍ നട്ടാല്‍മാത്രംപോരാ, അവ ശ്രദ്ധയോടെ പരിപാലിക്കണമെന്നും ഡി.ഇ.ഒ. പറഞ്ഞു.
മാതൃഭൂമി പരസ്യവിഭാഗം അസി. മാനേജര്‍ ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ജേക്കബ് ടി. മാണി, ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ ലാലുമോന്‍ വി.സി., കട്ടപ്പന സെന്റ്‌ജോര്‍ജ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ജോസഫ് കുര്യന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മാതൃഭൂമി മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് വി.ഹിമേഷ്, അസി. സെയില്‍സ് ഓര്‍ഗനൈസര്‍ കെ.സതീഷ് എന്നിവര്‍ ക്ലാസ് നയിച്ചു. സീഡ് എക്‌സിക്യൂട്ടീവ് കെ.കെ.അജിത് സ്വാഗതം പറഞ്ഞു. പരിശീലനപരിപാടിയില്‍ എഴുപതോളം സ്‌കൂളില്‍നിന്നുള്ള അധ്യാപകപ്രതിനിധികള്‍ പങ്കെടുത്തു.