സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ആഘോഷമായ തുടക്കം

Posted By : idkadmin On 7th June 2013


 തൊടുപുഴ: മണ്ണും മരവും സംരക്ഷിക്കുന്നതിനൊപ്പം പുതിയൊരു ഭക്ഷ്യസംസ്‌കാരവും മുന്നോട്ടുവച്ച് 'മാതൃഭൂമി സീഡി'ന്റെ ഈ വര്‍ഷത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലയന്താനി സെന്റ്‌ജോര്‍ജ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് ഇടുക്കി സബ് കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫറുള്ള ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ലോക പരിസ്ഥിതിദിനംതന്നെ ഇതിനായി തിരഞ്ഞെടുത്തത് ഉചിതമായി. യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാ(യു.എന്‍.ഇ.പി.)മിന്റെ ഇത്തവണത്തെ തീം 'ചിന്തിക്കുക, കഴിക്കുക, കരുതുക' എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ഓരോ വീട്ടിലും ദിവസേന വളരെയധികം ഭക്ഷണം പാഴായിപ്പോകാറുണ്ട്. അത്തരം അവസരങ്ങളില്‍ ഒരുനേരത്തെ അന്നത്തിന് വകയില്ലാത്ത ആയിരക്കണക്കിന് കുട്ടികളെ ഓര്‍ക്കേണ്ടതുണ്ട്. ദാരിദ്ര്യം ലോകത്തെമ്പാടുമുണ്ട്. സ്‌കൂള്‍തലത്തിലേ തിരുത്തല്‍നടപടികള്‍ തുടങ്ങുന്നത് ദൂരവ്യാപക സദ്ഫലങ്ങള്‍ ഉണ്ടാക്കും. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കളക്ടര്‍ എല്ലാ സഹകരണവും വാഗ്ദാനംചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആലക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ ബേബി അധ്യക്ഷത വഹിച്ചു. ഇനിമുതല്‍ ഭക്ഷണം പാഴാക്കില്ല എന്നുള്ള പ്രതിജ്ഞ, തൊടുപുഴ എ.ഇ.ഒ. കെ.കെ.രാജന്‍ ചൊല്ലിക്കൊടുത്തത് വിദ്യാര്‍ഥികളും വിശിഷ്ടാതിഥികളും ഏറ്റുചൊല്ലി. ഫെഡറല്‍ ബാങ്കിന്റെ സഹായത്തോടെയാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് തൊടുപുഴ ഏരിയാ ജനറല്‍ മാനേജര്‍ തോമസ് ആന്റണി സന്നിഹിതനായിരുന്നു. മാതൃഭൂമി തൊടുപുഴ ചീഫ് കറസ്‌പോണ്ടന്റ് ജോസഫ് മാത്യു സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലില്ലി ജോജ് നന്ദിയും പറഞ്ഞു. സീഡ് തീം സോങ്ങോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്. ചടങ്ങിനുശേഷം സ്‌കൂള്‍വളപ്പില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ സബ് കളക്ടര്‍ മുഹമ്മദ് സഫറുള്ള വൃക്ഷത്തൈ നടുകയും ചെയ്തു. 

Print this news