ഹരിപ്പാട്: പക്ഷികള്‍ക്കും പ്രാണികള്‍ക്കും സദ്യവിളമ്പി ആയാപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉറുമ്പൂട്ട് നടന്നു. നറുക്കിലയില്‍ ചോറും കറികളും ഉപ്പേരിയും പപ്പടവും പായസവുമെല്ലാം എടുത്ത് കുട്ടികള്‍ സ്കൂള്‍ വളപ്പിലിറങ്ങി. അങ്ങിങ്ങായി ഇലകള്‍ വച്ചു. ദൂരെനിന്ന് അവര്‍ വിരുന്നുകാരെ കണ്ടു. ആഹാരത്തിന് അലയാറുള്ള കാക്കക്കൂട്ടം കുട്ടികള്‍ക്ക് മുമ്പില്‍ പറന്നിറങ്ങി ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചു. കാക്കകള്‍ കൂട്ടുകാരെ വിളിച്ചുകൂട്ടി. പ്രാവുകളും പറ്റമായെത്തി. ഇതിനിടെ ഉറുമ്പുകള്‍ ചോറുമായി കൂടുതേടി കൂട്ടമായി നീങ്ങുന്നുണ്ടായിരുന്നു. സമീപത്തെ വയലുകള്‍ക്ക് മീതെ പറക്കാറുള്ള കുഞ്ഞിക്കുരുവികളും കുട്ടികളുടെ ഓണസദ്യയ്ക്ക് വിരുന്നുവന്നു.
ഓണം സര്‍വചരാചരങ്ങള്‍ക്കും ഭക്ഷണം നല്‍കാനുള്ള നല്ല നാളുകൂടിയാണെന്നാണ് പൂര്‍വിക വിധി. ഇതുള്‍ക്കൊണ്ടാണ് "ഉറുമ്പൂട്ട്' എന്ന പേരില്‍ ആയാപറമ്പ് സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് പക്ഷികള്‍ക്കും പ്രാണികള്‍ക്കുമായി ഓണസദ്യ ഒരുക്കിയത്. സദ്യയ്ക്കുള്ള ചോറ് സ്കൂളില്‍ തയ്യാറാക്കി.
കറികളും ഉപ്പേരിയുമെല്ലാം കുട്ടികള്‍ വീടുകളില്‍നിന്ന് കൊണ്ടുവന്നു. അടപ്രഥമനും സേമിയാ പായസവും സദ്യയെ്ക്കാപ്പം വിളമ്പി. പ്രകൃതിസ്‌നേഹത്തിന്റെ വലിയ പാഠമാണ് ഉറുമ്പൂട്ടിലൂടെ കുട്ടികളില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്ന് സ്കൂളിലെ മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ ബി. ബിജുകുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ കെ.കെ. സാവിത്രിദേവി, പി.ടി.എ. എക്‌സിക്യൂട്ടീവ് അംഗം രാധാകൃഷ്ണന്‍ നായര്‍, സീനിയര്‍ അസിസ്റ്റന്റ് സി.ആര്‍. സുരേന്ദ്രനാഥ്, എന്‍.എസ്.എസ്. ലീഡര്‍മാരായ മുകേഷ്കുമാര്‍, അഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി.