പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപകരും ചേര്‍ന്നൊരുക്കിയ ഓണക്കാഴ്ച മാതൃകയായി. നിത്യോപയോഗ സാധനങ്ങളുടെ വില ഓണക്കാലത്ത് കൂടുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മിതമായ വിലയല്‍ നല്ല സാധനങ്ങള്‍ എത്തിക്കാനുള്ള അവസരമാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. ജൈവവളവും ജൈവകീടനാശിനികളും മാത്രം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും വീടുകളിലും കൃഷിചെയ്ത പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍. വീടുകളില്‍ തയ്യാറാക്കി കൊണ്ടുവന്ന വറവുകള്‍, അച്ചാറുകള്‍, സ്‌കൂളിലെ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച സോപ്പുകള്‍, ചന്ദനത്തിരികള്‍, മെഴുകുതിരികള്‍, പേപ്പര്‍ ബാഗുകള്‍ കൂടാതെ കസവുമുണ്ടുകള്‍, ഓണക്കോടികള്‍, കുത്താമ്പുള്ളി കൈത്തറി മുണ്ടുകള്‍, സാരികള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.
15 സ്റ്റാളുകളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. അധ്യാപകരുടെയും അനധ്യാപകരുടെയും സഹായത്തോടെ 5 ലക്ഷം രൂപയുടെ സാധനങ്ങളാണ് സ്റ്റാളുകളില്‍ എത്തിച്ചത്. ഇത് സബ്‌സിഡി നിരക്കിലാണ് പൊതുജനത്തിന് നല്‍കുന്നത്. മികച്ച പി.ടി.എ.യ്ക്കുള്ള വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യൂതലത്തിലും ലഭിച്ച പുരസ്‌കാരത്തിന്റെ അവാര്‍ഡ് തുകയായ 65,000 രൂപ ഓണച്ചന്തയ്ക്കായി സബ്‌സിഡി നല്‍കാന്‍ മാറ്റിവച്ചിരുന്നു. സ്റ്റാളുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനവുമുണ്ട്. ഓണക്കാഴ്ച കാണാനും സാധനങ്ങള്‍ വാങ്ങാനുമെത്തുന്നവരെ വരവേല്‍ക്കാന്‍ മാവേലിമന്നനും വാമനനും പുലിക്കൂട്ടവും കുമ്മാട്ടിയുമുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഓണക്കാഴ്ച നടത്തുന്നത്. ഓണക്കാഴ്ചയുടെ ഉദ്ഘാടനം പി.എ. മാധവന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. എളവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എഫ്. രാജന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ സി.വി. ജോണ്‍സണ്‍, മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല കുഞ്ഞാപ്പു, ജില്ലാ പഞ്ചായത്ത് അംഗം ആര്‍.പി. ബഷീര്‍, ആലീസ് പോള്‍, കെ.ജെ. ഒനില്‍, എ.ഡി. സാജു, പി.എം. ജോസഫ്, മിനി ജോയ്‌സണ്‍, കെ.ബി. ലീല എന്നിവര്‍ പ്രസംഗിച്ചു.