ആറന്മുള:അത്തം പിറന്നപ്പോള്‍ ഇത്തവണയും ആറന്മുള ശബരി ബാലാശ്രമത്തിലെ കൂട്ടുകാര്‍ പടിപ്പുരവാതിലില്‍ കാത്തുനിന്നു. മനസ്സുനിറയെ സ്‌നേഹവും കളിയും ചിരിയുമൊക്കെയായി ചേട്ടന്മാരും ചേച്ചിമാരുമെത്തുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഓര്‍മ്മകളിലെ ഓണം ഈ വിശ്വാസത്തിന് ബലമേകി.
തുടര്‍ച്ചയായ മൂന്നാംവര്‍ഷവും കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 40 സീഡ്ക്ലബ്ബ് അംഗങ്ങളാണ് ഓണാഘോഷത്തിന് ബാലാശ്രമത്തിലെത്തിയത്. സ്‌നേഹസംഭാഷണത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ ബാലാശ്രമത്തിലെ 40 കൂട്ടുകാരെയും കൂട്ടി പുറത്തേയ്‌ക്കൊരു യാത്ര. മടങ്ങിവരുമ്പോള്‍ കൈനിറയെ ഓണക്കോടികള്‍ തുണിക്കടയിലെത്തി സ്വന്തം ഇഷ്ടത്തിലുള്ളത് തിരഞ്ഞെടുക്കാനായതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്ത് നിറഞ്ഞുനിന്നു.
ബാലാശ്രമത്തിന്റെ മുറ്റം നിറഞ്ഞൊരു പൂക്കളം എല്ലാവരും ചേര്‍ന്ന് നിന്ന് പൂവിളി. ഓണപ്പാട്ട്, ഒപ്പം കണ്ണന്റെ കളിപറഞ്ഞ വഞ്ചിപ്പാട്ടും. പിന്നെ നാട്ടിന്‍പുറത്തെ ഓണക്കളിയെ ഓര്‍മ്മിപ്പിച്ച് കസേരകളി, റൊട്ടികടി, കരുത്തന്മാരെ അറിയാനുള്ള ശ്രമത്തിനൊടുവില്‍ ബാലാശ്രമത്തിലെ ശക്തിമാന്മാര്‍ക്കുതന്നെ വിജയവും.
ക്ഷീണമറിഞ്ഞു തുടങ്ങും മുമ്പുതന്നെ പാചകപ്പുരയില്‍നിന്നും ഓണസദ്യയ്ക്കുള്ള വിളിയെത്തി. നാലുപായസവും കൂട്ടി വിഭവസമൃദ്ധമായ സദ്യ. ഒന്നിച്ചിരുന്നുള്ള ഊണിന്റെ രുചികൂടിയായപ്പോള്‍ വയറുനിറഞ്ഞതിന്റെ വേഗം ആരും അറിഞ്ഞില്ല.
കളികളില്‍ പങ്കാളികളായവര്‍ക്കെല്ലാം കൈനിറയെ സമ്മാനം നല്‍കാന്‍ നടുമുറ്റത്ത് എല്ലാവരും ഇരുന്നു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതാണ് യഥാര്‍ത്ഥ ഓണാഘോഷമെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ.വി.എന്‍.വിജയന്‍ അധ്യക്ഷത വഹിച്ചു. കെ.പി.നാരായണന്‍ , ആശ്രമം സെക്രട്ടറി എ.കെ.ശശിധരന്‍, ശ്രീകുമാര്‍, ശ്രീലേഖ രാജന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്യാമളാമ്മ, സീഡ് കോഓര്‍ഡിനേറ്റര്‍ ജ്യോതിഷ് ബാബു, ക്ലബ്ബ് പ്രസിഡന്റ് ജിതിന്‍ ജോസഫ്, സെക്രട്ടറി അമീര്‍ ഷാ, ഗ്രീനറി ഭാരവാഹികളായ ശ്യാംകൃഷ്ണന്‍, മനു, പി.ടി.എ.പ്രസിഡന്റ് ശിവന്‍കുട്ടി നായര്‍, ആറന്മുള എസ്.ഐ. ബി.വിനോദ്കുമാര്‍, വിശ്വഹിന്ദു പരിഷത്ത് ഭാരവാഹി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് പരസ്യം മാനേജര്‍ ഡി.ഹരി സമ്മാനദാനം നടത്തി.
ഒരു പകല്‍ നിറഞ്ഞ സൗഹൃദം ആയുസ്സുമുഴുവന്‍ തുടരുമെന്ന് ഉറപ്പുനല്‍കി വൈകീട്ട് അഞ്ചുമണിയോടെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ യാത്രപറഞ്ഞിറങ്ങി. സ്വീകരിക്കാനെത്തിയതുപോലെ യാത്രയാക്കാനും ബാലാശ്രമത്തിലെ കൂട്ടുകാര്‍ പടിപ്പുര വാതിലിലെത്തി.
ഓണം ഓര്‍മ്മകളില്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഒരു പകല്‍കൂടി കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു.