നീലേശ്വരം: വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന നീലേശ്വരം ചിന്മയ വിദ്യാലയത്തില്‍ വരള്‍ച്ചയെ നേരിടാന്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങള്‍ സ്കൂള്‍ മൈതാനത്ത് മഴക്കുഴികള്‍ നിര്‍മിച്ചു. വിദ്യാലയത്തിനുമുമ്പിലുള്ള മൈതാനത്ത് മരത്തണലിലാണ് ഏഴു വലിയ മഴക്കുഴികള്‍ നിര്‍മിച്ചത്. പുത്തരിയടുക്കത്തെ പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. സമൂഹത്തിന് നന്മ പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുകയാണ് സീഡിന്റെ ലക്ഷ്യമെന്ന് സ്കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററും ചിത്രകലാധ്യാപകനുമായ പ്രഭന് നീലേശ്വരം പറഞ്ഞു. മഴക്കുഴികളുടെ നിര്‍മാണത്തിന് എസ്.പി.അഭിജിത്ത്, അഞ്ജുശ്രീ, സീഡ് റിപ്പോര്‍ട്ടര്‍ മോഹിത് ആര്.കൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.