തടിക്കടവ് സ്‌കൂളില്‍ കുട്ടികള്‍ക്കെല്ലാം പൂച്ചട്ടി

Posted By : knradmin On 10th September 2013


 തടിക്കടവ്: സ്‌കൂള്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സീഡ് ക്ലബ് തടിക്കടവ് ഗവ. യു.പി. സ്‌കൂളില്‍ 'കുട്ടിക്കൊരു പൂച്ചട്ടി' പദ്ധതി നടപ്പാക്കുന്നു. പരിസ്ഥിതിദിനത്തില്‍ ആരംഭിച്ച പദ്ധതി പ്രകാരം സ്‌കൂള്‍മുറ്റത്ത് നൂറ് പൂച്ചട്ടികള്‍ നിര്‍മിച്ചു. കുട്ടികളുടെ ജന്മദിനസമ്മാനമായാണ് പൂച്ചട്ടികള്‍ സ്‌കൂളിന് സംഭാവന നല്‍കുന്നത്. അധ്യാപിക വി.എ.അന്നമ്മ ജന്മദിന സമ്മാനമായി ചെടിച്ചട്ടി നല്‍കിക്കൊണ്ടാണ് പരിപാടിക്ക് തുടക്കമിട്ടത്. പൂച്ചട്ടി നിര്‍മിക്കുന്നതിനുള്ള തുക കുട്ടികള്‍ സീഡ് കേ ഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍ രാജിനെ ഏല്പിക്കും. ഈ തുക ഉപയോഗിച്ച് സ്‌കൂളില്‍ത്തന്നെ ഗുണമേന്മയുള്ള ചട്ടികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നത്. ഇതിനായി സീഡ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കി. ജന്മദിനസമ്മാനമായി സ്‌കൂളിന് നല്‍കുന്ന പൂച്ചട്ടിയില്‍ ചെടികള്‍നട്ട് അവരവരുടെ ക്ലാസിനുമുന്നില്‍ പരിപാലിക്കാനാണ് പദ്ധതി. ചെടിച്ചട്ടിയുടെ മുകളില്‍ കുട്ടികളുടെ പേരും എഴുതിവെച്ചിട്ടുണ്ട്. പ്രഥമാധ്യാപകന്‍ സി.ജെ.ഔസേപ്പ്, പി.ടി.എ പ്രസിഡന്റ് സി.എം.ഹംസ എന്നിവര്‍ നേതൃത്വം നല്‍കി. നാട്ടുകാര്‍ക്കും സീഡ് ക്ലബ് പൂച്ചട്ടികള്‍ നിര്‍മിച്ചു നല്‍കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍രാജ് പറഞ്ഞു.  

 

Print this news