കണ്ണൂര്‍: അഞ്ചാംവര്‍ഷത്തിലേക്കു കടന്ന 'മാതൃഭൂമി' സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ശില്പശാല അധ്യാപകര്‍ക്ക് ഹരിതോര്‍ജം പകര്‍ന്നുനല്കി. പ്രതികൂല കാലാവസ്ഥയും അവധിദിവസവും അവഗണിച്ച് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകളില്‍നിന്നുള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരാണ് അധ്യാപകസംഗമത്തിനെത്തിയത്.
കഴിഞ്ഞവര്‍ഷം ജില്ലയിലെ മികച്ച സീഡ് കോ-ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ജീന വാമന് അത്തിയിലയില്‍ ഈത്തപ്പഴം നല്‍കി കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍.വിജയനുണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ജീന മറ്റു അധ്യാപകര്‍ക്ക് ഈത്തപ്പഴം കൈമാറി.
പരിസ്ഥിതിപാഠങ്ങള്‍ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് കുട്ടികള്‍ക്കാണെന്നും അതിനാല്‍ കുട്ടികളില്‍നിന്നു തുടങ്ങുന്ന പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ നല്ല നാളേക്ക് അനിവാര്യമാണെന്നും സി.ആര്‍.വിജയനുണ്ണി പറഞ്ഞു. നമ്മള്‍ പ്രകൃതിയെ മറന്നാല്‍ അതിന് തിരിച്ചടി കിട്ടും. അതാണ് ഉത്തരാഖണ്ഡില്‍ കണ്ടത് -അദ്ദേഹം പറഞ്ഞു. എടച്ചൊവ്വ തുഞ്ചത്താചാര്യ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി റിഫ ഭക്ഷണസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉദ്ഘാടനച്ചടങ്ങിനുശേഷം അധ്യാപകര്‍ സ്വയം പരിചയപ്പെടുത്തുകയും അവരുടെ സ്‌കൂളുകളിലെ സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുനടന്ന ശില്പശാല മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നയിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ടി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് എ.ജി.എം. പി.വി.കുഞ്ഞപ്പന്‍, വനംവകുപ്പ് സാമൂഹിക വനവത്കരണവിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം.ശ്രീകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് പങ്കെടുത്തു.