പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി നടുഭാഗം എം.ഡി. യു.പി. സ്കൂളിലെ മുഴുവന്‍ അധ്യാപകരും ജീവനക്കാരും മരണാനന്തരം തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യും. ഇതിനുള്ള സമ്മതപത്രം സമര്‍പ്പിക്കുന്ന വിശേഷ ചടങ്ങ് വെള്ളിയാഴ്ച 2 ന് സ്കൂള്‍ ഹാളില്‍ നടക്കും.
എം.ഡി. യു.പി. സ്കൂളും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും സംയുക്തമായാണ് പരിപാടി നടത്തുന്നത്. നേത്രദാന പക്ഷാചരണത്തോടനുബന്ധിച്ചാണ് ഈ പരിപാടി.
സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളാണ് ഇതിന് പ്രചോദനമായത്. മരണാനന്തരം പാഴായിപ്പോകുന്ന കണ്ണുകള്‍ മറ്റൊരാളുടെ ജീവിതത്തില്‍ വെളിച്ചമേകുമെന്ന ചിന്തയാണ് ഈപരിപാടിക്ക് പ്രചോദനമായത്. സമ്മേളനം അഡ്വ. എ.എം. ആരീഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ കെ.ആര്‍. അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിക്കും. നേത്രദാന സമ്മതപത്രം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ ഐ ബാങ്ക് പ്രസിഡന്റ് ഫാ. ഡോ. പോള്‍ വി. മാടന്‍ ഏറ്റുവാങ്ങും. നേത്രദാന ബോധവത്ക്കരണ ക്ലാസ്സ് ഐ ബാങ്ക് കൗണ്‍സിലര്‍ ജയേഷ് സി. പാറയ്ക്കല്‍ നയിക്കും.