സീഡ് കോ-ഓര്‍ഡിനേറ്റര്‍ക്ക് അംഗീകാരമായി സംസ്ഥാന അധ്യാപക അവാര്‍ഡ്

Posted By : klmadmin On 8th September 2013


 പുത്തൂര്‍: അധ്യാപനരംഗത്ത് അനുകരണീയമായ പ്രവര്‍ത്തനങ്ങളിലൂടെ വിജ്ഞാനസമൂഹത്തിന്റെയും വിദ്യാര്‍ഥികളുടെയും അഭിമാനമായി മാറിയ ഗുരുശ്രേഷ്ഠന്‍ പി.എ.സജിമോന് സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചത് അര്‍ഹതയുടെ അംഗീകാരമായി.
വെണ്ടാര്‍ ശ്രീവിദ്യാധിരാജ മെമ്മോറിയല്‍ മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.സി.വിഭാഗം കോമേഴ്‌സ് അധ്യാപകനാണ് ഇദ്ദേഹം.
കേവലം പാഠപുസ്തകങ്ങള്‍ മാത്രമല്ല വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്. സാമൂഹികാവബോധം, പ്രകൃതിബോധം, സേവനതല്പരത, സൃഷ്ടിപരമായ കഴിവുകള്‍ എന്നിവകൂടി വളര്‍ത്തിയെടുത്താല്‍ മാത്രമേ വിദ്യാഭ്യാസം അര്‍ഥപൂര്‍ണമാകുകയുള്ളൂ എന്ന കാഴ്ചപ്പാടാണ് താന്‍ പുലര്‍ത്തുന്നതും നടപ്പാക്കാന്‍ ശ്രമിക്കുന്നതുമെന്ന് അവാര്‍ഡ് ജേതാവ് പി.എ.സജിമോന്‍ മാതൃഭൂമിയോട് പറഞ്ഞു.
മൂന്നുവര്‍ഷമായി വെണ്ടാര്‍ സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് പി.എ.സജിമോനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സീഡ് യൂണിറ്റ് വിദ്യാര്‍ഥികള്‍ ശെന്തുരുണിയിലേക്കും തെന്മലയിലേക്കും നടത്തിയ വനയാത്രകള്‍, പഠനങ്ങള്‍ എന്നിവ ഏറെ ശ്രദ്ധനേടി.
സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലവ് പ്ലാസ്റ്റിക് പദ്ധതി, പരിസരശുചിത്വത്തിലൂടെ രോഗവിമുക്തസമൂഹം, കൊതുക് നിര്‍മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെയുള്ള അനുകരണീയ പ്രവര്‍ത്തനങ്ങളും ഇദ്ദേഹം നടപ്പാക്കിയിരുന്നു.
ആരോഗ്യവും ലക്ഷ്യബോധവുമുള്ള വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച 'ദിശാസൂചി' പരിപാടിയുടെ പ്രധാന സംഘാടകനായിരുന്നു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍, മാനേജ്‌മെന്റ് വിഷയത്തില്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍, കോമേഴ്‌സ് വിഷയങ്ങളുടെ അധ്യാപക സോഴ്‌സ് ബുക്ക് നിര്‍മാതാവ്, ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് പരിശീലകന്‍ എന്നീനിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. ശ്രീപെരുമ്പത്തൂര്‍ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റില്‍ ട്രെയ്‌നേഴ്‌സ് ടു ട്രെയിനിങില്‍ പങ്കെടുത്ത സജിമോന്‍ കര്‍ണാടകയിലെ റെയ്ച്ചൂരില്‍ നടന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ കേരളസംഘത്തെ നയിച്ചു.
കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് കോ-ഓര്‍ഡിനേറ്ററായ പി.എ.സജിമോന്‍ ജൈവകൃഷി പദ്ധതി, ജി.കെ.എസ്.എഫ്. മാര്‍ക്കറ്റ് സര്‍വ്വേ എന്നിവയുടെയും പ്രധാന കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ രാഷ്ട്രീയ ഗൗരവ്, ബസ്റ്റ് സിറ്റിസണ്‍ എന്നീ അവാര്‍ഡുകള്‍, എന്‍.എസ്.എസ്. സംസ്ഥാനതലത്തില്‍ നടത്തിയ വിവിധ പ്രോജക്ടുകളുടെ ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വൈ.എം.സി.എ.യുടെ സജീവ പ്രവര്‍ത്തകനായ പി.എ.സജിമോന് സംഘടനയുടെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കണ്ണൂരില്‍വച്ച് അവാര്‍ഡ് ഏറ്റുവാങ്ങും. എഴുകോണ്‍ ഇ.എസ്.ഐ.യിലെ സ്റ്റാഫ് നഴ്‌സ് ജി.സുജയാണ് ഭാര്യ. ക്രിസ്, ക്രിസ്‌ന എന്നിവര്‍ മക്കളും.  

Print this news