മാതൃഭൂമി സീഡ് കുട്ടികളെ കര്‍മ്മോത്സുകതയിലേക്ക് നയിക്കും -കളക്ടര്‍

Posted By : klmadmin On 9th July 2013


കൊല്ലം:പരിസ്ഥിതി സംരക്ഷണത്തിനായി മാതൃഭൂമി സ്‌കൂളുകളിലൂടെ നടത്തുന്ന സീഡ് പരിപാടി കുട്ടികളെ കര്‍മ്മോത്സുകതയിലേക്ക് നയിക്കുമെന്ന് കളക്ടര്‍ ബി.മോഹനന്‍. കൊല്ലം വിദ്യാഭ്യാസജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ സമൂഹസൃഷ്ടി നടത്തുന്ന എന്‍ജിനിയര്‍മാരും ആര്‍ക്കിടെക്ടുകളുമാണെന്ന് അദ്ദേഹം പറഞ്ഞു. 
പരസ്പര സ്‌നേഹമില്ലായ്മയും ബഹുമാനമില്ലായ്മയുമാണ് ഇന്നത്തെ പ്രശ്‌നം. ഒന്നിനെയും ഭയമില്ല, ആകെ ഭയമുള്ളത് കൊതുകിനെമാത്രമാണ്-അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ആവശ്യമായ വികസനത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി. 
മാതൃഭൂമി ന്യൂസ്എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ പി.ജെ.വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ.മാത്യു, അധ്യാപക സംഘടനാ ഭാരവാഹികളായ ആന്‍ഡേഴ്‌സണ്‍ (ജി.എസ്.ടി.യു.), പ്രേംനാഥ് (കെ.പി.എസ്.ടി.യു.), ശ്രീരംഗം ജയകുമാര്‍ (എ.എച്ച്.എസ്.ടി.എ.), എസ്.ഹാരിസ് (എ.കെ.എസ്.ടി.യു.) എന്നിവര്‍ സംസാരിച്ചു.     മാതൃഭൂമി കൊല്ലം യൂണിറ്റ് സീഡ് റിസോഴ്‌സ് പേഴ്‌സണ്‍ ജയപ്രകാശ് പദ്ധതി വിശദീകരിച്ചു. 
 മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സി.ഇ.വാസുദേവശര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ വി.പി.കൃഷ്ണരാജ് നന്ദിയും പറഞ്ഞു. 
    മാതൃഭൂമി ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് സീഡ് പരിപാടി നടത്തുന്നത്.
 

Print this news