കൊട്ടാരക്കര: മാതൃഭൂമി വിദ്യാര്‍ഥികള്‍ക്ക് കൂട്ടുകാരാകുന്നതെങ്ങനെ എന്നതിന് ഉദാഹരണമാകുകയാണ് നെടുവത്തൂര്‍ ഈശ്വരവിലാസം ഹൈസ്‌കൂളിലെ സാമൂഹികശാസ്ത്ര ക്ലബ്. മാതൃഭൂമിയിലെ വിദ്യയുടെ ആയിരത്തോളം പതിപ്പുകള്‍ ശേഖരിച്ച് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ 'വിദ്യ ബിഗ് റഫറന്‍സ്' ആല്‍ബം സ്‌കൂള്‍ ലൈബ്രറിയിലെ വിലമതിക്കാനാകാത്ത പുസ്തകമായി മാറി. പ്രധാനപ്പെട്ട ദിനങ്ങളും അവയുടെ പ്രത്യേകതകളും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇതുപോലെ സഹായകമായ മറ്റൊന്നില്ലെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായി വിദ്യാര്‍ഥികള്‍ ശേഖരിച്ച വിദ്യയുടെ പതിപ്പുകള്‍ ചേര്‍ത്താണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ദിനാചരണങ്ങള്‍ ആസൂത്രണം ചെയ്യാനും പഠനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇവിടെ വിദ്യ കൂട്ടാണ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ക്ലബ് പ്രതിനിധികള്‍ വിദ്യ റഫറന്‍സ് സഹായി സ്‌കൂള്‍ ലൈബ്രറിക്കുവേണ്ടി പ്രഥമാധ്യാപിക എല്‍.വിജയകുമാരിക്ക് കൈമാറി. പത്താംക്ലാസ് സാമൂഹികശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി പഠനവിഭവ സി.ഡി. തയ്യാറാക്കിയ സാമൂഹികശാസ്ത്ര അധ്യാപകന്‍ ഷിനു വി.രാജ്, ശാസ്ത്രാധ്യാപകന്‍ എസ്.ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.