ഇരിങ്ങാലക്കുട: പുകയിലവിമുക്ത ഗ്രാമം എന്ന സന്ദേശവുമായി അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധറാലി നടത്തി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയെ പുകയില വിമുക്ത വിദ്യാഭ്യാസ ജില്ലയായി പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ചാണ് ബോധവല്‍ക്കരണവും റാലിയും നടത്തിയത്. മനുഷ്യന് ഹാനികരമാകുന്ന 64ല്‍പരം രാസവസ്തുക്കള്‍ പുകയിലയിലുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പുകയിലെ കൂട്ടി മുറുക്കല്‍, ബീഡി, സിഗററ്റ്, ചുരുട്ട്, മൂക്കുപൊടി ,പുകയില ചേര്‍ത്ത് ചവയ്ക്കുന്ന പാന്‍മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിന്നും പുതുതലമുറയേയും നാടിനേയും രക്ഷിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷീല ലോകനാഥന്‍, പി.ടി.എ. പ്രസിഡന്റ് കെ.സി. രാജന്‍, ഹെഡ്മാസ്റ്റര്‍ വുഡ്രോ വില്‍സന്‍, പ്രിന്‍സിപ്പല്‍ എ.വി. രാജേഷ്, ഇ.കെ. വിനോദ്, ജോമോന്‍ വി.എസ്. എന്നിവര്‍ നേതൃത്വം നല്‍കി.