തൊടുപുഴ: കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തെ പ്രകൃതിയുടെ ഉപാസകരായി മാറ്റാനും, മണ്ണിനെയും പുഴകളെയും മരങ്ങളെയും സ്‌നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കാനും നിര്‍ണായക പങ്കു വഹിക്കുന്ന മാതൃഭൂമി 'സീഡ്' പദ്ധതി അഞ്ചാം വര്‍ഷത്തിലേക്ക്. 2013-14 അധ്യയനവര്‍ഷത്തിലെ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര പരിസ്ഥിതിദിനമായ ജൂണ്‍ 5ന് തുടക്കമിട്ടു. ജില്ലയിലെ സീഡിന്റെ അധ്യാപക കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 11,12 തിയ്യതികളില്‍ നടത്തും.
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകരുടെ പരിശീലനം വ്യാഴാഴ്ച കട്ടപ്പന സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിലും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം വെള്ളിയാഴ്ച തൊടുപുഴ പി.ഡബ്ല്യൂ.ഡി. റസ്റ്റ്ഹൗസിലും നടത്തും. രണ്ടിടത്തും രാവിലെ 10 നാണ് ശില്പശാല തുടങ്ങുക. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക പരിശീലന പരിപാടി ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനിലാ ജോര്‍ജ്ജും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക പരിശീലന പരിപാടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ സനഞ്ജയ്കുമാര്‍ ദത്തും ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ്, വനംവകുപ്പ്, ഫെഡറല്‍ ബാങ്ക് പ്രതിനിധികള്‍ പങ്കെടുക്കും. 'സമൂഹനന്മ കുട്ടികളിലൂടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജലം, ഭക്ഷണം, ജീവന്‍ എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍. പരിസ്ഥിതി സംരക്ഷണത്തിനായി വിദ്യാലയങ്ങളില്‍ നടപ്പാക്കാനാകുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്‌കൂളുകളില്‍ സീഡ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരെ ബോധവാന്മാരാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ഓരോ വിദ്യാലയവും മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുകയാണ് 'സീഡ്' പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏഴായിരത്തോളം വിദ്യാലയങ്ങളില്‍ സീഡിന്റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സീഡ് പോലീസ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഭക്ഷ്യ സംസ്‌കാരവും, ജൈവവൈവിധ്യ സംരക്ഷണം, ഊര്‍ജ്ജസംരക്ഷണം, മലിനീകരണ നിയന്ത്രണം, സീഡ് റിപ്പോര്‍ട്ടര്‍, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, ലവ് പ്ലാസ്റ്റിക്, സീസണ്‍ വാച്ച് തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തവണ സീഡിനെ വ്യത്യസ്തമാക്കുന്നത്.