കട്ടപ്പന: നെടുങ്കണ്ടം ജി.വി.എച്ച്.എസ്.എസ്സി.ല്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനത്തില്‍ ഗുരുവന്ദനം നടത്തി.
ബൗദ്ധികതലത്തിലും മാനസിക-സദാചാര തലത്തിലുമുള്ള അന്ധത മാറ്റി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന അധ്യാപകരെ ആദരിക്കാന്‍ കുട്ടികള്‍ മുന്‍കൈയെടുക്കുകയായിരുന്നു.
ഇരുപതാം നൂറ്റാണ്ടുകണ്ട ഏറ്റവും മഹാനായ അധ്യാപകരിലാരാളായ ഡോ. എസ്. രാധാകൃഷ്ണനെക്കുറിച്ച് സീഡ് ക്ലബ്ബ് അംഗം തസ്‌നീം ബദറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. സീഡ് റിപ്പോര്‍ട്ടര്‍ മീരാ ജാനകി അധ്യാപകര്‍ സമൂഹനന്മയ്ക്കായി നല്‍കുന്ന സംഭാവനകളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ച്ചയായി ഏഴുവര്‍ഷം നൂറുശതമാനം വിജയം നേടാന്‍ സഹായിച്ചത് അധ്യാപകരുടെ കഠിനാദ്ധ്വാനംമൂലമാണെന്ന് മീര പറഞ്ഞു. സായാഹ്ന ക്ലാസ്സുകളും രാത്രി ക്ലാസ്സുകളും ഭവന സന്ദര്‍ശനവുമൊക്കെ അധ്യാപകര്‍ മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നുണ്ട്.
സീഡ് അംഗങ്ങള്‍ അധ്യാപകര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഒ.കെ. അശോകന്‍, അധ്യാപകരായ കെ. സുരേഷ്‌കുമാര്‍, വി.എസ്. ഷംസുദ്ദീന്‍, പി.ജി. മായാകുമാരി എന്നിവര്‍ പ്രസംഗിച്ചു.