ആലപ്പുഴ: റോഡില്‍ ചതഞ്ഞരഞ്ഞ പക്ഷിക്കൂട്ടങ്ങള്‍, മരണത്തിലും കെട്ടിപ്പുണര്‍ന്ന ഇണകള്‍, തകര്‍ന്ന കൂടുകളും മുട്ടകളും... ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിസരത്തെ കരളലിയിക്കും കാഴ്ചകളാണിവ.
നഗരസഭയുടെ അനുവാദത്തോടെ മരംവെട്ടുകാര്‍ മരക്കൊമ്പുകളില്‍ മഴുവച്ചപ്പോള്‍ തകര്‍ന്നത് പക്ഷികളുടെ വലിയ ഒരു ആവാസകേന്ദ്രമാണ്. ദേശാടനപ്പക്ഷികളുള്‍പ്പെടെയുള്ള അപൂര്‍വയിനം പക്ഷികളാണ് ഇവിടെ ചേക്കേറിയിരുന്നത്.
റോഡില്‍ ചത്തുവീണ പക്ഷികളുടെ മുകളിലൂടെ വണ്ടികള്‍ ചീറിപ്പാഞ്ഞ് പോകുന്നതും ചാകാത്തവയെ കറിക്കായി ചാക്കില്‍ വച്ചിരിക്കുന്നതുമായ ക്രൂരദൃശ്യങ്ങളാണ് സൗത്ത് പോലീസ് സ്റ്റേഷന്‍ കനാല്‍ പരിസരത്ത് കണ്ടത്.
മുട്ടയും കൂടും ചിന്നിച്ചിതറി പറക്കമുറ്റാത്ത പക്ഷികള്‍ റോഡിലൂടെ നിരങ്ങിനീങ്ങുന്ന കാഴ്ച. ചിലത് പിടഞ്ഞുവീണു. സംരക്ഷണ വിഭാഗത്തില്‍പ്പെടുന്ന അപൂര്‍വയിനം പക്ഷികളുടെ ഗതിയാണിത്.