കട്ടപ്പന: നെടുങ്കണ്ടം ഗവ. വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരദിനാചരണം നടത്തി. മാതൃഭൂമി സീഡ് പദ്ധതിയുടെയും, സയന്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കല്പവൃക്ഷമായ തെങ്ങിന്റെ പ്രാധാന്യവും കേര ഉല്പന്നങ്ങളുടെ മേന്മയും വിളിച്ചോതുന്ന പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. ഓല, ചിരട്ട എന്നിവകൊണ്ടുള്ള കൗതുകവസ്തുക്കള്‍ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഓലപ്പന്ത്, ഓലപീപ്പി, കണ്ണട തുടങ്ങിയ കുട്ടികള്‍ നിര്‍മ്മിച്ച കളിക്കോപ്പുകള്‍ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകരുടെയും മുതിര്‍ന്നവരുടെയും ഗൃഹാതുരത്വമുണര്‍ത്തുന്നതായിരുന്നു. ചിരട്ടത്തവി, ഓലയില്‍ മെടഞ്ഞ ഉറി, പായ, കൊട്ട, വിശറി എന്നിവയും ചടങ്ങില്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ ഒ.കെ. അശോകന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സീഡ് പ്രവര്‍ത്തകരായ വൈശാഖന്‍, അഭിജിത്ത്, അഞ്ജു, സാബു, മീരജാനകി എന്നിവര്‍ നേതൃത്വം നല്‍കി.