ചാരുംമൂട്: സ്കൂള്‍ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മാതൃഭൂമി സീഡ് പോലീസ് അംഗങ്ങള്‍ ആലപ്പുഴ കലക്ടര്‍ എന്‍. പദ്മകുമാറിന് നിവേദനം നല്കി. സ്കൂള്‍ പരിസരങ്ങളില്‍നിന്ന് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതിന്റെ വാര്‍ത്തകളും നിവേദനത്തോടൊപ്പം കലക്ടര്‍ക്ക് കൈമാറി. സീഡ് പോലീസ് അംഗങ്ങളായ വിഷ്ണു എസ്. കൃഷ്ണകുമാര്‍, സുവില്‍രാജ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ജഫീഷ് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കിയതായി സീഡ്ക്ലബ്ബ് അംഗങ്ങള്‍ പറഞ്ഞു. പാന്‍പരാഗ്, മിനാര്‍ ടുബാക്കോ, ഹാന്‍സ് എന്നിവ സ്കൂള്‍ പരിസരത്ത് യഥേഷ്ടം ലഭിക്കുന്നതായി നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. യൂണിഫോം ധരിച്ചെത്തുന്ന കുട്ടികള്‍ക്കു പോലും കട ഉടമകള്‍ ഇവ നല്‍കുന്നു. ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സിന്റെ പരിസരത്ത് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന പരാതിയില്‍ കുറത്തികാട് പോലീസ് പരിശോധന നടത്തി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു. വെട്ടിയാര്‍ സ്കൂളിന് സമീപത്തുള്ള കടയില്‍ നൂറനാട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലും പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കട ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.