തെങ്ങിനെ അടുത്തറിഞ്ഞ് കുട്ടികള്‍

Posted By : tcradmin On 3rd September 2013



ഗുരുവായൂര്‍: തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍കൊണ്ട് എന്തൊക്കെ ഉല്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കലാമികവുകൊണ്ട് ബോധ്യപ്പെടുത്തുന്നു.

ലോക നാളികേരദിനത്തിന്റെ ഭാഗമായി മാതൃഭൂമി 'സീഡു'മായി സഹകരിച്ച് നടന്ന ഈ പരിപാടിക്ക് 'കേരോത്സവം' എന്നാണ് പേരിട്ടത്. അഞ്ഞൂറോളം വിദ്യാര്‍ത്ഥികളുടെ വൈവിധ്യവും വിസ്മയകരവുമായ കലാപ്രകടനങ്ങളായിരുന്നു കേരോത്സവത്തില്‍ സമ്മേളിച്ചത്.

തെങ്ങോലകൊണ്ട് ഓലപ്പായ, ഇരിപ്പിടങ്ങള്‍, വിശറി, കുട്ടകള്‍, പൂവട്ടി, ഓലപ്പന്ത്, ഓലപ്പീപി, പമ്പരം, ഈര്‍ക്കിള്‍ വീട്, ഈര്‍ക്കിള്‍ കളിയുല്പന്നങ്ങള്‍, നാളികേരം കൊണ്ട് നാടന്‍വിഭവങ്ങള്‍, നാളികേരം ചിരകിയെടുത്ത് നിറം കലര്‍ത്തി ഓണപ്പൂക്കളം, ചകിരികൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കള്‍, ചിരട്ടകൊണ്ട് കളിസാധനങ്ങള്‍, കയറുല്പന്നങ്ങള്‍, കൊതുമ്പിന്‍വള്ളം തുടങ്ങി ഇരുന്നൂറിലേറെ വസ്തുക്കളായിരുന്നു 'കേരോത്സവ'ത്തില്‍ വിരിഞ്ഞത്.

കൂടാതെ തെങ്ങുമായി ബന്ധപ്പെട്ട നാടന്‍പാട്ടുകളും കവിതകളും കുട്ടികള്‍ അവതരിപ്പിച്ചു. തെങ്ങിന്റെയും നാളികേരത്തിന്റെയും ശാസ്ത്രീയമായ അറിവുകള്‍ പങ്കിടാനായി വിദഗ്ദ്ധര്‍ നയിച്ച സെമിനാറും നടന്നു. തുടര്‍ന്ന് 'എന്റെ തെങ്ങ്' പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വളപ്പില്‍ തെങ്ങിന്‍തൈകള്‍ നടുകയും ചെയ്തു.

അസിസ്റ്റന്റ് കൃഷിഡയറക്ടര്‍ സബിത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക സൂര്യ സി. ഭാസ്‌കര്‍ അധ്യക്ഷയായി. മാതൃഭൂമിയുടെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.വി. മധു കേരോത്സവം പരിപാടി നിയന്ത്രിച്ചു. കൃഷി ഓഫീസര്‍മാരായ ചാത്തപ്പന്‍, ഗംഗാദത്തന്‍, അധ്യാപകരായ സുഷമാദേവി, കെ.കെ. മനോജ്, ലീന, ടി.വി. ഇന്ദിര, ശരത്, ജി. സത്യന്‍, ലാലി തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Print this news