Muvattupuzha St. Sebastin's school

Posted By : ernadmin On 30th August 2013


നീരുറവിന് കുട ചൂടിച്ച്
സെന്റ് സെബാസ്റ്റ്യന്‍സിന്റെ കുട്ടികള്‍

മൂവാറ്റുപുഴ: വറ്റാത്ത ജലസ്രോതസ്സിനെ കരുതലോടെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ കുട്ടികള്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം സീഡ് പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി.
 വിദ്യാലയമുറ്റത്ത് നിന്ന് തുടങ്ങിയ നീര്‍ത്തട സംരക്ഷണ ജാഥയായിരുന്നു ഇക്കുറി സ്വാതന്ത്ര്യദിന റാലി. മഹാത്മാഗാന്ധിയും ഭാരതാംബയും മതസൗഹാര്‍ദ സന്ദേശങ്ങളുള്‍ക്കൊള്ളുന്ന വേഷങ്ങളും റാലിക്ക് മിഴിവുപകര്‍ന്നു.
ആനിക്കാട് ചിറയുടെ ചുറ്റും കുട നിവര്‍ത്തിപ്പിടിച്ച് കൈയില്‍ മെഴുകുതിരിയുമായി കുട്ടികള്‍ അണിനിരന്നു. നിര്‍മല കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. ഷാജു തോമസ് നീര്‍ത്തട സംരക്ഷണ സന്ദേശം നല്‍കി. തുടര്‍ന്ന് മെഴുകുതിരിയിലേക്ക് ദീപം പകര്‍ന്നു.
നാശോന്‍മുഖമായ ചിറയെ സംരക്ഷിക്കുക, ഭാവിയിലേക്കുള്ള കരുതലിന് സ്വയം സമര്‍പ്പിക്കുക എന്നീ സന്ദേശങ്ങള്‍ അറിയിച്ചുകൊണ്ട് കുട്ടികള്‍ മെഴുകുതിരി നാളം ആകാശത്തേക്കുയര്‍ത്തി പ്രതിജ്ഞയെടുത്തു. മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ഷേര്‍ളി ജോസഫാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. വിദ്യാര്‍ഥി പ്രതിനിധികളായ സുല്‍ഫത്ത് ജലീല്‍, നന്ദന മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
 രാവിലെ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. കുര്യാക്കോസ് കച്ചിറമറ്റം അദ്ധ്യക്ഷനായി. സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ജോയി കാക്കനാട്ട് സംസാരിച്ചു. ഇന്ത്യന്‍ ഭൂപട മാതൃകയില്‍ കുട്ടികള്‍ അണിനിരന്നുകൊണ്ടായിരുന്നു സ്വാതന്ത്ര്യദിന സമ്മേളനം.
ആനിക്കാട് ചിറ സംരക്ഷിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, പഞ്ചായത്ത് തുടങ്ങിയവയെ ഒരുമിപ്പിച്ച് പദ്ധതി നടപ്പാക്കാനാണ് സ്‌കൂള്‍ ശ്രമിക്കുന്നതെന്ന് പ്രധാനാദ്ധ്യാപിക സിസ്റ്റര്‍ ഷേര്‍ളി ജോസഫ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സെലിന്‍ എന്നിവര്‍ വ്യക്തമാക്കി. സീഡ് പ്രവര്‍ത്തനം ഈ പദ്ധതി ഏറ്റെടുക്കാനുള്ള പ്രചോദനമാണെന്ന് സിസ്റ്റര്‍ സെലിന്‍ അറി
യിച്ചു.


ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ കുട്ടികള്‍ സ്വാതന്ത്ര്യദിനത്തില്‍
ആനിക്കാട് ചിറയ്ക്കുചുറ്റും നടത്തിയ നീര്‍ത്തട സംരക്ഷണറാലി

 

 

Print this news