ശൂരനാട് ഗവ. എച്ച്.എസ്.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി

Posted By : klmadmin On 28th August 2013


 ശൂരനാട്: ശൂരനാട് ഗവ. എച്ച്.എസ്.എസ്സില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതി പ്രവര്‍ത്തനം തുടങ്ങി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വീട്ടില്‍ ഒരു കറിവേപ്പ് എന്ന ലക്ഷ്യമിട്ടാണ് ഒന്നാംഘട്ടം ആരംഭിച്ചത്. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള വിദ്യാര്‍ഥിപ്രതിനിധിക്ക് കറിവേപ്പിന്‍തൈ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.
ദിവസങ്ങള്‍ക്കുമുമ്പ് സ്‌കൂളില്‍ നടത്തിയ അന്വേഷണത്തില്‍ എഴുപത് ശതമാനം വിദ്യാര്‍ഥികളുടെ വീട്ടിലും ഒരു കറിവേപ്പുമില്ല എന്ന് കണ്ടെത്തിയിരുന്നു. വിഷാംശം നിറഞ്ഞ അന്യസംസ്ഥാന കറിവേപ്പിലകളെ ആശ്രയിക്കാതെ വീട്ടുപരിസരത്തുനിന്ന് ഇല ശേഖരിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തൈകള്‍ വിതരണംചെയ്തത് എന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കൃഷ്ണകുമാര്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനും സ്‌കൂളില്‍ ഔഷധത്തോട്ടം നിര്‍മ്മിക്കാനും പദ്ധതി പുരോഗമിക്കുകയാണ്.
യോഗത്തില്‍ ജെ.ശ്രീകുമാര്‍ അധ്യക്ഷനായി. പ്രഥമാധ്യാപകന്‍ എച്ച്.നദീര്‍കുഞ്ഞ് മുസലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കൃഷ്ണകുമാര്‍ കുട്ടികള്‍ക്ക് പദ്ധതി വിശദീകരിച്ചു. കെ.എന്‍.അനിയന്‍ സ്വാഗതവും സീഡ് കണ്‍വീനര്‍ രാഹുല്‍ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു.   

Print this news