തൃശ്ശൂര്‍: മാതൃഭൂമി 'സീഡി'ന്റെ ലവ് പ്ലാസ്റ്റിക് കാമ്പയിന്‍ നാലാം ഘട്ടത്തില്‍ ജില്ലയില്‍നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാനായത് 200 കിലോ പ്ലാസ്റ്റിക് മാലിന്യം. 'റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍' എന്ന ആശയത്തിലൂന്നി ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണ് വന്‍വിജയത്തിലെത്തി നില്‍ക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടന്ന ബോധവത്കരണത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ അളവ് പരമാവധി കുറയ്ക്കാന്‍ ലവ്പ്ലാസ്റ്റിക് പദ്ധതിക്കായി. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ലവ് പ്ലാസ്റ്റിക്കിനെ ഹൃദയത്തോടാണ് ചേര്‍ത്തുപിടിച്ചത്. ഈസ്റ്റേണ്‍ ഗ്രൂപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിച്ച് പുനരുപയോഗം ചെയ്യും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോലഴി ചിന്മയ വിദ്യാലയത്തില്‍ ചിന്മയ മിഷന്‍ ചെയര്‍മാനും എജ്യൂക്കേഷന്‍ ഡയറക്ടറുമായ ഡോ. ജി മുകുന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. വെറും രണ്ടാഴ്ചകൊണ്ട് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് 16 ചാക്ക് പ്ലാസ്റ്റിക്കാണ്. അധ്യാപകരും രക്ഷിതാക്കളും പദ്ധതിയുമായി ആത്മാര്‍ത്ഥതയോടെ സഹകരിക്കുന്നുണ്ടെന്ന് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയലക്ഷ്മി പറഞ്ഞു. ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചതോടെ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരുന്നത് ഒഴിവാക്കി പകരം സ്റ്റീല്‍ ഡ്രമ്മുകള്‍ സ്‌കൂളില്‍ സ്ഥാപിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശോഭന ദേവദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭാ മേനോന്‍, മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീന്‍, ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ വിഷ്ണു നാഗപ്പള്ളി, സര്‍ക്കുലേഷന്‍ മാനേജര്‍ ആര്‍. സുരേഷ്‌കുമാര്‍, അധ്യാപകരായ യമുന, പ്രിയ തമ്പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.