പൂതക്കുളം: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കര്‍ഷക മുത്തച്ഛന്മാര്‍ക്ക് കുരുന്നുകളുടെ ആദരവിന്റെ പൊന്നാട. പ്രായമേറെയായിട്ടും കൃഷി കൈവിടാതെ സമൂഹത്തിനാകെ മാതൃക കാട്ടുന്ന പൂതക്കുളം ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് പേരെയാണ് കുട്ടികള്‍ ആദരിച്ചത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പ്രഥമാധ്യാപകന്‍ മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി സീഡ് പദ്ധതിയെക്കുറിച്ചും കാര്‍ഷികവൃത്തിയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു.
കുട്ടികള്‍ക്കൊപ്പം 80-ാം വയസ്സിലും കൃഷിയിലെ തന്റെ അറിവുകള്‍ പങ്കിട്ട് മുന്നേറാന്‍ മാതൃഭൂമി സീഡിനൊപ്പം താനുമുണ്ടെന്ന് മാതൃകാ കര്‍ഷക മുത്തച്ഛനായി തിരഞ്ഞെടുത്ത എന്‍.എസ്.എസ്. മുന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഇ.കെ.ആര്‍.ഉണ്ണിത്താന്‍ പറഞ്ഞു.
ഇ.കെ.ആര്‍.ഉണ്ണിത്താന് പുറമെ ബാലന്‍ പിള്ള, ജനാര്‍ദ്ദനന്‍ പിള്ള എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
പൂതക്കുളം കൃഷി ഓഫീസര്‍ പ്രീതി, പി.ടി.എ. അംഗങ്ങളായ പ്രകാശ്, സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ സമീര്‍ഖാന്‍ സ്വാഗതവും മാതൃസമിതി ചെയര്‍പേഴ്‌സണ്‍ വിജയ നന്ദിയും പറഞ്ഞു. അടുക്കളത്തോട്ട നിര്‍മാണത്തിലും പരിപാലനത്തിലും പഞ്ചായത്ത് തലത്തില്‍ ഒന്നാംസ്ഥാനത്തിനര്‍ഹനായ പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കിരണ്‍ എന്ന വിദ്യാര്‍ഥിയെ അനുമോദിച്ചു.