തുറവൂര്‍: ചെറിയ ചെറിയ വാചക പിശകുകളും അക്ഷരത്തെറ്റുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായൊരു വാര്‍ത്ത എഴുതിയതിന്റെ ആഹ്ലാദം വിദ്യാര്‍ഥികളുടെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. അതവര്‍ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. കുത്തിയതോട് ഇ.സി.ഇ.കെ സ്കൂളിലെ പ്രകൃതി ക്ലബ് വിദ്യാര്‍ഥികളാണ് പത്രവാര്‍ത്തകളെയും വാര്‍ത്തകള്‍ ശേഖരിക്കുന്ന മാര്‍ഗങ്ങളെയും അടുത്തറിഞ്ഞത്. മാതൃഭൂമി പത്രം സ്കൂളുകളില്‍ നടപ്പാക്കുന്ന സീഡ് റിപ്പോര്‍ട്ടര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ശില്പശാലയാണ് കുട്ടികള്‍ക്ക് പത്രമേഖലയുടെ വിശാല ലോകത്തേക്കുള്ള വാതായനം തുറന്നുകൊടുത്തത്.
എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ നിന്നായി 60 കുട്ടികളാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. പ്രകൃതി സൗഹൃദ പരിപാടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സ്കൂളിന് സ്വന്തമായൊരു പത്രമെന്നത് അധ്യാപകരുടേയും കുട്ടികളുടേയും സ്വപ്നമാണ്. ഭൂമികയെന്ന പേരില്‍ പുറത്തിറക്കുന്ന പത്രത്തിന്റെ ഘടന, ഉള്‍ക്കൊളളിക്കേണ്ട വാര്‍ത്തകള്‍, അത് കണ്ടെത്തേണ്ട രീതികള്‍ എന്നുതുടങ്ങി വിവിധ മേഖലകളെപ്പറ്റി സീഡ് റിസോഴ്‌സ് പേഴ്‌സണും മാതൃഭൂമി സബ് എഡിറ്ററുമായ രതീഷ് രവി ക്ലാസ്സെടുത്തു. പ്രകൃതി സംരക്ഷണം, ചൂഷണം എന്നീ വിഷയങ്ങള്‍ പത്രം ചര്‍ച്ചചെയ്യും.
കുട്ടികളെ പത്തുപേരടങ്ങുന്ന സംഘമായി വേര്‍തിരിച്ചിരുത്തിയാണ് വാര്‍ത്തകള്‍ എഴുതിച്ചത്.
ഭൂമികയുടെ അവസാനവട്ട മിനുക്കുപണികള്‍ക്കുള്ള നിര്‍ദ്ദേശവും നല്‍കി. സീഡ് കോ ഓര്‍ഡിനേറ്ററും അധ്യാപികയുമായ സി.കെ. ബീനയാണിതിന് ചുക്കാന്‍ പിടിക്കുന്നത്. പ്രകൃതി ക്ലബ് ലീഡര്‍ നൗഫിയയും കൂട്ടുകാരും അധ്യാപകരുമെല്ലാം കരുത്തുപകരാന്‍ തൊട്ടു പിന്നിലുണ്ട്.
വീടുകള്‍ മാലിന്യ മുക്തമാക്കാനും പ്രകൃതിയോട് കൂടുതല്‍ അടുക്കുന്നതിനുമായി വീടുകളില്‍ കൃഷിചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന പദ്ധതിയും ഇവിടെയുണ്ട്. 15 കുട്ടികള്‍ വീട്ടില്‍ കൃഷിചെയ്യാമെന്ന് സമ്മതിക്കുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്തു. ശില്പശാല കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനം ചെയ്‌തെന്ന് അധ്യാപകര്‍ പറഞ്ഞു.
പ്രധാന അധ്യാപകനായ വി.സതീശ് ശില്പശാല ഉദ്ഘാടനം ചെയ്തു. സീഡ് ജില്ലാ എക്‌സിക്യൂട്ടിവ് അമൃത സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. അധ്യാപകരായ വിജയശ്രീ, ബി.ബബിത, ആര്‍.ജയശ്രീ, എസ്.രമാദേവി, അശോക്കുമാര്‍, പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു.