ലവ് പ്ലാസ്റ്റിക്; ജില്ലാതലത്തിലെ പ്ലാസ്റ്റിക് ശേഖരണം തുടങ്ങി

Posted By : Seed SPOC, Alappuzha On 25th August 2013


ഹരിപ്പാട്: ഭൂമിയെ പ്ലാസ്റ്റിക്ക് വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി "മാതൃഭൂമി' സീഡ് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക്കിന്റെ ജില്ലാതലത്തിലെ പ്ലാസ്റ്റിക് ശേഖരണം തുടങ്ങി. ഹരിപ്പാട് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തരംതിരിച്ച പ്ലാസ്റ്റിക് കയറ്റിയ പ്രത്യേക വാഹനത്തിന് രമേശ് ചെന്നിത്തല എം.എല്‍.എ. കൊടിവീശി.
ഈസ്റ്റേണ്‍ ഗ്രൂപ്പും, പെലിക്കണുമായി ചേര്‍ന്നാണ് "മാതൃഭൂമി' സീഡ്, ലവ് പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ നാലാംഘട്ട ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ പ്ലാസ്റ്റിക് ശേഖരണമാണ് നടന്നത്. 
സ്കൂളുകളില്‍ സീഡ് ക്ലബ്ബുകള്‍ ശേഖരിച്ച് തരംതിരിച്ച് വയ്ക്കുന്ന പ്ലാസ്റ്റിക്, ഏറ്റെടുത്ത് പുനരുത്പാദനത്തിന് അയയ്ക്കുകയാണ്. ലവ് പ്ലാസ്റ്റിക്കിന്റെ അഞ്ചാംഘട്ടം ഉടനെ തുടങ്ങും. ജില്ലയിലെ സ്കൂളുകള്‍ക്ക് പദ്ധതിയുമായി കൈകോര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.
പി.ടി.എ. പ്രസിഡന്റ് സതീഷ് ആറ്റുപുറത്തിന്റെ അധ്യക്ഷതയില്‍ ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ്, ഹരിപ്പാട് എ.ഇ.ഒ. കെ.ചന്ദ്രമതി, പ്രിന്‍സിപ്പല്‍ ശ്യാമള കുമാരി, തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അനില്‍ ബി.കളത്തില്‍, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദാക്ഷന്‍പിള്ള, ഫെഡറല്‍ബാങ്ക് ഹരിപ്പാട് ശാഖ ചീഫ് മാനേജര്‍ എം.പി.ബഹനാന്‍, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.രാധാമണിയമ്മ, ഗ്രാമപ്പഞ്ചായത്ത് അംഗം ലേഖാ അജിത്, "മാതൃഭൂമി' ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി.സുരേഷ്കുമാര്‍, സീഡ് ജില്ലാ എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, സ്റ്റാഫ് സെക്രട്ടറി കെ.ജയവിക്രമന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി.ഷൈനി എന്നിവര്‍ പ്രസംഗിച്ചു. 
 

 

Print this news