പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ച് മാറ്റത്തിന്റെ വണ്ടി വീണ്ടുമെത്തി

Posted By : klmadmin On 22nd August 2013


 കൊല്ലം:പ്രകൃതിയെ സംരക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനെ സ്‌നേഹിച്ചുതുടങ്ങിയ കുരുന്നുകള്‍ക്കിടയിലേക്ക് മാറ്റത്തിന്റെ വണ്ടി വീണ്ടുമെത്തി. നിയന്ത്രിത ഉപയോഗവും പുനരുപയോഗവുമാണ് പ്ലാസ്റ്റിക്ക് വിപത്തിനെ ചെറുക്കാന്‍ ഏറ്റവും നല്ല വഴിയെന്ന് തെളിയിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ നാലാംഘട്ടം തുടങ്ങി. വിദ്യാലയങ്ങളില്‍ തരംതിരിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ വാഹനം ശേഖരിച്ചുതുടങ്ങിയത്.
കൊല്ലത്ത് കടയ്ക്കല്‍ ഗവ. വി.എച്ച്.എസ്.എസ്., താമരക്കുടി ശിവവിലാസം വി.എച്ച്.എസ്.എസ്., കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയം, ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ്ജ് വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍നിന്നാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചത്.
നാലാംവര്‍ഷത്തിലേക്ക് കടന്ന പദ്ധതി വിദ്യാര്‍ഥികളിലും വിദ്യാലയങ്ങളിലും വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ കൃത്യമായി തരംതിരിച്ച് ചാക്കുകളില്‍ സൂക്ഷിച്ചതോടെ വിദ്യാലയ പരിസരങ്ങള്‍ മാലിന്യമുക്തമായി.
കഴിഞ്ഞവര്‍ഷം 20 ചാക്കിലേറെ മാലിന്യം ശേഖരിച്ചിരുന്ന കൊട്ടാരക്കര നവോദയ വിദ്യാലയത്തില്‍ പ്ലാസ്റ്റിക്കിന്റെ നിയന്ത്രിത ഉപയോഗത്തോടെ മാലിന്യം പത്ത് ചാക്കായി കുറഞ്ഞു.
ജില്ലയിലെ നാല് ശേഖരണകേന്ദ്രങ്ങളില്‍നിന്നായി 344 കിലോഗ്രം പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിച്ചത്. മാതൃഭൂമി സീഡും ഈസ്റ്റേണ്‍ ഗ്രൂപ്പും പെലിക്കണ്‍ ഫൗണ്ടേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയില്‍ ശേഖരണപരിപാടിയുടെ ഫ്‌ളാഗ് ഓഫ് കടയ്ക്കല്‍ വി.എച്ച്.എസ്സില്‍ നടന്നു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ബി.ശിവദാസന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് വി.ശുഭലാല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സി.വിജയലക്ഷ്മി, കടയ്ക്കല്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ മനേജര്‍ രാജേന്ദ്രപ്രസാദ്, മാതൃഭൂമി റിസര്‍ച്ച് മാനേജര്‍ ആര്‍.ജയപ്രകാശ്, കൊല്ലം വിദ്യാഭ്യാസ ജില്ലാ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ.പ്രകാശ് എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് കെ.വൈ.ഷെഫീക്ക്, ഇലക്‌ട്രോണിക്‌സ് എന്‍ജിനിയര്‍ ടി.മധു എന്നിവര്‍ പങ്കെടുത്തു. പ്രധാനധ്യാപിക ഡി.തങ്കമണി സ്വാഗതവും സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന്‍ നന്ദിയും പറഞ്ഞു.  

Print this news