ഹരിതസ്വപ്നങ്ങള്‍ പങ്കുവെച്ച് സീഡംഗങ്ങളുടെ 'സദ്ഭാവന'

Posted By : ksdadmin On 22nd August 2013


ചിറ്റാരിക്കാല്‍:സദ്ഭാവനാദിനത്തില്‍ ഭാരതത്തിന്റെ ഭാവിയെപ്പറ്റി ഹരിതസ്വപ്നങ്ങള്‍ പങ്കുവെച്ച് ചിറ്റാരിക്കാല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ 'സദ്ഭാവന' എന്ന കൈയെഴുത്തുപതിപ്പിലാണു കുട്ടികള്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്നത്. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ ഒന്നായി യത്‌നിക്കണമെന്ന് ആഹ്വാനംചെയ്യുന്നതും മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ചോദ്യംചെയ്യുന്നതുമായ ലേഖനങ്ങള്‍ പതിപ്പിലുണ്ട്. എന്റെ സ്വപ്നത്തിലെ ഭാരതം എന്ന വിഷയത്തിലാണു സീഡംഗങ്ങള്‍ ലേഖനങ്ങള്‍ തയ്യാറാക്കിയത്. അമ്പതിലധികം ലേഖനങ്ങള്‍ പതിപ്പിലുണ്ട്. കോ ഓര്‍ഡിനേറ്റര്‍ കവിത എലിസബത്ത് എബ്രാഹം നേതൃത്വം നല്‍കി. ക്രിസ്റ്റോ തോമസാണ് ചീഫ് എഡിറ്റര്‍.
പ്രഥമാധ്യാപികയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ശാന്തമ്മ ഫിലിപ്പ്, പി.ടി.എ.പ്രസിഡന്റ് ചാക്കോ തെന്നിപ്ലാക്കലിനു കൈമാറി പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. 
    ലിയോണ്‍ നോബിള്‍ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിര്‍മല്‍ ജോസ് സംസാരിച്ചു. 
 

Print this news