ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി വിദ്യാര്‍ഥികള്‍

Posted By : Seed SPOC, Alappuzha On 20th August 2013


 

 
ആലപ്പുഴ: നാടിനും നഗരത്തിനും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വിദ്യാര്‍ഥിക്കൂട്ടം ഇറങ്ങുന്നു. ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ മാതൃഭൂമി സീഡ് ക്ലബ്ബാണ് ലവ് പ്ലാസ്റ്റിക് പദ്ധതി ഒരുക്കുന്നത്. 
മിക്ക വീടുകളിലും നിത്യേന എത്തിച്ചേരുന്ന കാരി ബാഗുകളും ബിസ്ക്കറ്റ്, മിഠായി കവറുകളും കത്തിക്കുകയോ നഗരത്തിലേക്കുതന്നെ വലിച്ചെറിയുകയോ ആണ് പതിവ്. ഇതിന് പരിഹാരം തേടിയാണ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം. 
വീട്ടിലും പരിസര പ്രദേശങ്ങളിലുമുള്ള പ്ലാസ്റ്റിക്കുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വിദ്യാര്‍ഥികള്‍ കഴുകി വൃത്തിയാക്കി സ്കൂളില്‍ എത്തിക്കും. ക്ലാസ്സ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇത് നാലായി തരംതിരിച്ച് പ്രത്യേക ചാക്കുകളില്‍ നിക്ഷേപിക്കും. ഇത് പിന്നീട് റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന ഏജന്‍സികള്‍ക്ക് കൈമാറും.
സ്കൂളിലെ പ്ലാസ്റ്റിക് ശേഖരണത്തിന്റെ ഉദ്ഘാടനം ലജനത്തുല്‍ മുഹമ്മദീയ ജനറല്‍ സെക്രട്ടറി എ.ഹബീബ്മുഹമ്മദ് നിര്‍വഹിച്ചു. 
  ഹെഡ്മാസ്റ്റര്‍ ടി.എ.അഷറഫ് കുഞ്ഞാശാന്‍, പി.ടി.എ. പ്രസിഡന്റ് എം.കെ.നവാസ്, നാരായണന്‍ പോറ്റി, സി.എസ്.സുരേഷ്കുമാര്‍, സീന ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമൃത ബോധവത്കരണക്ലാസ്സ് എടുത്തു. 
 

Print this news