പാലപ്പൂമണം പരക്കും; കടലാമകളെ കാത്ത് തീരം

Posted By : Seed SPOC, Alappuzha On 31st October 2015


 

 
 
 
 കടലാമ സംരക്ഷണത്തിന് പുതിയ ദിശാബോധം
 
 പല്ലനയില്‍ നടന്ന മാതൃഭൂമി സീഡ് 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' ബോധവത്കരണപരിപാടിയില്‍ പങ്കെടുത്ത കെ.എ.എം.യു.പി. സ്‌കൂള്,  ഗവ. എല്‍.പി.എസ്., 
  
ഹരിപ്പാട്: പാല പൂക്കുന്നതാണ് അടയാളം. അന്നോ പിറ്റേന്നോ ഉള്‍ക്കടലില്‍നിന്ന് രാത്രിയില്‍ കടലാമകളെത്തും തീരത്തെ ചൂടില്‍ മുട്ട വിരിയിക്കാന്‍. പണ്ടൊക്കെ ആമയെ ചുട്ടും മുട്ട പൊരിച്ചും തിന്നാനുള്ളതെന്നായിരുന്നു തീരത്തെ പലരുടെയും വിശ്വാസം. ഇന്ന് തിരിച്ചറിവിന്റെ പാതയിലാണ് അവര്‍. തങ്ങളുടെ തുറയില്‍ വിരുന്നെത്തുന്ന സഞ്ചാരികളെ കൈത്തൊട്ടിലില്‍ കാക്കാന്‍. 
'മാതൃഭൂമി' സീഡ് സംസ്ഥാനവ്യാപകമായി  തുടങ്ങിയ 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' ബോധവത്കരണ പരിപാടിയുടെ ഗുണഫലം വ്യാഴാഴ്ച പല്ലന തീരത്തും കണ്ടു. ഒരുവര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് പല്ലന തീരത്തെത്തിയ കടലാമയെ തിരിച്ചറിഞ്ഞ് നൂറിലധികം മുട്ടകള്‍ക്ക് സംരക്ഷണമൊരുക്കിയ മത്സ്യത്തൊഴിലാളി പല്ലന പുത്തന്‍പറമ്പ് ഗോപിയെ ആദരിക്കുന്ന ചടങ്ങായിരുന്നു വേദി. വിവരമറിഞ്ഞ് നൂറുകണക്കിന് കുട്ടികളും രക്ഷിതാക്കളും മത്സ്യത്തൊഴിലാളികളുമാണ് ഒത്തു ചേര്‍ന്നത്.  സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് മുന്‍കൈയെടുത്ത് നടത്തിയ കടലാമ സംരക്ഷണ ക്ലാസ്സില്‍ ഗോപിയുടെ നന്മയുടെ വഴിയെപ്പറ്റി പരിശീലകര്‍ പറഞ്ഞിരുന്നു. 
 ഒപ്പം  കടലാമ വന്നു കയറിയ തീരവും കുട്ടികള്‍ കണ്ടു. തീരത്തെ ഒരുപിടി മണ്ണും കൈയില്‍ കരുതിയാണ് അവരില്‍ പലരും മടങ്ങിയത്.
പല്ലനയിലെ ഗവ. എല്‍.പി.എസ്.,  കുമാരനാശാന്‍ മെമ്മോറിയല്‍ യു.പി.എസ്., എം.കെ.എ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  എന്നിവിടങ്ങളിലെ കുട്ടികളാണ് തീരത്ത് ഒത്തുകൂടിയത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കേരള തീരത്ത് കടലാമകള്‍ മുട്ടയിടാനെത്തുന്നത്. പാലപൂക്കുന്ന സമയവും ഇതു തന്നെ. തീരത്തെ മത്സ്യ തൊഴിലാളികള്‍ പാലപ്പൂ മണവും കടലാമകളുടെ വരവും ഒന്നിച്ചാണെന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നതിന്റെ കാരണവും ഇതുതന്നെ. കുട്ടികളുമായുള്ള സംവാദത്തില്‍ ഗോപി ഈ നാട്ടറിവും പങ്കുവച്ചു. 
കടലാമകള്‍ തീരത്തെത്തുന്നതിന് മുന്‍പ് വ്യാപകമായി ബോധവത്കരണം നടത്തുകയാണ് 'മാതൃഭൂമി' സീഡ്.   മൂന്ന് സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തില്‍ അധികം കുട്ടികളെയും അവരിലൂടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കാന്‍ ഇതിനോടകം കഴിഞ്ഞു.
പല്ലന കടപ്പുറത്ത് ചേര്‍ന്ന യോഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എസ്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ അധ്യക്ഷനായി. ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, പല്ലന 68 ാം നമ്പര്‍ ധീവരസഭ കരയോഗം പ്രസിഡന്റ് സി. ശിവാനന്ദന്‍, അമ്പലപ്പുഴ എ.ഇ.ഒ. കെ.പി കൃഷ്ണദാസ്,  സീഡ് എസ്.പി.ഒ.സി. നന്ദകുമാര്‍, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 

Print this news