കുഞ്ചുവിന്റെ സമരം വിജയിച്ചു

Posted By : knradmin On 23rd October 2015


 

 
കണ്ണൂര്‍: മുറിച്ചുവീഴ്ത്തിയ മരത്തിന്റെ കടയ്ക്കലിരുന്ന് കുഞ്ചുവെന്ന പത്തുവയസ്സുകാരന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലമുണ്ടായി. മരം മുറിച്ചയാള്‍ക്ക് പി.ഡബ്‌ള്യു.ഡി. പതിനായിരം രൂപ പിഴചുമത്തി. എന്നിട്ടും കുഞ്ചു വിട്ടില്ല, മുറിച്ച മരത്തിന് പകരം 25 വൃക്ഷത്തൈകളും അത് സംരക്ഷിക്കാനുള്ള കൂടുകളും വേണമെന്ന് വാശിപിടിച്ചു. ഒടുവില്‍ മുറിച്ചയാള്‍ക്ക് അതും സമ്മതിക്കേണ്ടിവന്നു.
      പയ്യന്നൂരിലാണ് ഒരു നാടിന്റെ മുഴുവന്‍ കണ്ണുതുറപ്പിച്ച 'ബാലസമരം' അരങ്ങേറിയത്. കേളോത്ത് മുസ്ലിംപള്ളിക്കു സമീപം റോഡരികിലാണ് കൂറ്റന്‍ ചക്കരക്കായ് മരം തണല്‍വിരിച്ചു നിന്നിരുന്നത്.   തൊട്ടടുത്ത സ്ഥലത്തിന്റെ ഉടമ തന്റെ സ്ഥലത്ത്  കെട്ടിടം പണിയാന്‍ തീരുമാനിച്ചു. അപ്പോഴാണ് ഈ മരം കാഴ്ച മറയ്ക്കുമെന്ന് തോന്നിയത്.  അത് മുറിച്ചുമാറ്റാന്‍ പല പണികളും ചെയ്തു. എന്നാല്‍ പരിസ്ഥിതിപ്രവര്‍ത്തകര്‍ തക്കസമയത്ത് ഇടപെട്ടതിനാല്‍ ഒന്നും നടന്നില്ല.
      പിന്നീട് മരത്തിന്റെ വേരുകള്‍ ആരുമറിയാതെ മുറിക്കാന്‍ തുടങ്ങി. അപകടഭീഷണിയുണ്ടെന്നു പറഞ്ഞ് കളക്ടറുടെ ദുരന്തനിവാരണപദ്ധതിയില്‍ പെടുത്തി പിന്നീട് മരം മുറിച്ചുമാറ്റാനായിരുന്നു ലക്ഷ്യം. പക്ഷേ, ആ സമയത്താണ് യാദൃച്ഛികമായി അന്നൂര്‍ ആര്‍ഷവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥി കുഞ്ചു എന്ന ഹൃഷികേശ് ആ വഴി വരുന്നത്.   
      സാധാരണ സൈക്കിളില്‍ സ്‌കൂളില്‍ പോവാറുള്ള കുഞ്ചു ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിമാറി അച്ഛന്റെ ബൈക്കിലാണ് പോയത്. അതുകൊണ്ട് ഈ സംഭവം ശ്രദ്ധയില്‍ പെട്ടു. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലും യൂത്ത് ഡയലോഗ് എന്ന പരിസ്ഥിതി സംഘടനയിലും പ്രവര്‍ത്തിക്കുന്ന കുഞ്ചു, ഇതിനെതിരെ പ്രതികരിക്കാന്‍ ഉറച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ അച്ഛന്‍ ഭാസ്‌കരന്‍ വെള്ളൂരിനും സമ്മതം. അങ്ങനെ മരംമുറിക്കെതിരെ  ബോര്‍ഡെഴുതി കുഞ്ചു സമരം തുടങ്ങി. ആളുകള്‍ കൂടി.  ചിലര്‍ മിഠായിയും മറ്റും നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.  ഒടുവില്‍ പി.ഡബ്ല്യു.ഡി. അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തന്നെ സ്ഥലത്തെത്തി. മരം മുറിച്ചവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കി. ഇതിനിടെ കുഞ്ചു കളക്ടര്‍ക്കും പി.ഡബ്ല്യു.ഡിക്കും പോലീസിനുമെല്ലാം പരാതി നല്‍കി. ഒടുവില്‍  ഉദ്യോഗസ്ഥര്‍ സ്ഥലമുടമയ്ക്ക് പിഴചുമത്തി. മുറിച്ച മരത്തിന് പകരം 25 മരത്തൈകളും അവ സംരക്ഷിക്കാനുള്ള കൂടുകളും വേണമെന്ന് കുഞ്ചു ആവശ്യപ്പെട്ടു. അതും നല്‍കാമെന്ന് സ്ഥലമുടമ ഉറപ്പു നല്‍കിയിട്ടേ കുഞ്ചു സമരം നിര്‍ത്തിയുള്ളൂ.  ഇവയെല്ലാം കുഞ്ചുവിന് കൈമാറുന്ന ചടങ്ങ് അടുത്തുതന്നെ പയ്യന്നൂരില്‍ നടക്കും. വേരുമുറിഞ്ഞ് അപകടാവസ്ഥയിലായ മരം കഴിഞ്ഞദിവസം കളക്ടറുടെ നിര്‍ദേശപ്രകാരം മുറിച്ചുമാറ്റുകയും ചെയ്തു.
 
 
 
 
 

Print this news