മുള്ളേരിയ: കാറഡുക്ക സ്‌കൂളില്‍ കുട്ടികള്‍ വളര്‍ത്തിയ നെല്‍ച്ചെടികള്‍ കതിര്‍ചൂടി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. കുട്ടികളും സീഡ് അംഗങ്ങളും ചേര്‍ന്ന് കാറഡുക്ക ബേര്‍ളത്ത് പാട്ടത്തിനെടുത്ത ഒരേക്കര്‍ പാടത്തെ കൃഷി കൊയ്തു.
കൊയ്ത്തിന് അധ്യാപകരോെടാപ്പം നൂറ് കുട്ടികളാണ് പങ്കെടുത്തത്. തരിശിട്ട വയലിലാണ് കുട്ടികള്‍ നെല്ലിന്റെ പൊന്‍കതിര്‍ വിളയിച്ചത്.
നെല്ല് കൊയ്തതും മെതിക്കുന്നതും കുട്ടികള്‍തന്നെ. പുത്തിരി മഹോത്സവവും നടത്തും. കാറഡുക്ക സ്‌കൂളിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കുട്ടികളുടെ തൊഴിലധിഷ്ഠിത വിഷയവും കൃഷിയാണ്. സ്‌കൂള്‍പരിസരത്ത് പച്ചക്കറിക്കൃഷിയും കുട്ടികള്‍ നടത്തിയിരുന്നു. സ്‌കൂള്‍ ഉച്ചക്കഞ്ഞിക്ക് നല്കുന്നതോടൊപ്പം വില്പനയും നടത്തി. ജൈവപച്ചക്കറിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കാറഡുക്ക കൃഷിഭവന്റെ സഹായവുമുണ്ട്.
ഡിസംബറില്‍ നടക്കുന്ന സപ്തദിന ക്യാമ്പിലേക്കും സ്‌കൂളിലെ പാവപ്പെട്ട കുട്ടികള്‍ക്കും അരി നല്‍കും.
പ്രിന്‍സിപ്പല്‍ മീര ജോസ് ഉദ്ഘാടനം ചെയ്തു.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ദിലീപ് എരിഞ്ഞിപ്പുഴ, തമ്പാന്‍ നായര്‍, ഉണ്ണിക്കൃഷ്ണന്‍, രാജന്‍ കരണി, എം.സനല്‍ എന്നിവര്‍ നേതൃത്വംവഹിച്ചു.