തരിശിട്ട പാടത്ത് വിദ്യാര്‍ഥികളുടെ കൃഷി

Posted By : ksdadmin On 21st October 2015


 

 
ഉദുമ: നൂറുമേനി കൊയ്ത ആഹ്ലാദത്തിലാണ് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. മാങ്ങാട് പാടശേഖരത്തിലെ തരിശുഭൂമി വിളനിലമാക്കിയാണ് കുട്ടികളുടെ കൊയ്ത്ത്. പഞ്ചായത്തംഗം ബാലകൃഷ്ണനും കര്‍ഷകനായ കൊട്ടെടനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. കൃഷിക്കൂട്ടം പദ്ധതിയുടെ ഭാഗമായാണ് എന്‍.എസ്.എസ്. ഈ ദൗത്യം ഏറ്റെടുത്തത്. ജൂണ്‍ മാസത്തില്‍ വിളവിറക്കിയ ഉമ എന്ന ഇനം നെല്ലാണ് മൂന്നുമാസംകൊണ്ട് കൊയ്തിനുപാകമായത്. ജൈവരീതിയിലായിരുന്നു കൃഷി. പ്രോഗ്രാം ഓഫീസര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, മിഥുന്‍രാജ് എന്നിവര്‍ അമരക്കാരായി കുട്ടികളോടൊപ്പം പാടത്തേക്കിറങ്ങി. പാടശേഖരസമിതിയിലെ അമ്മമാരും കൊയ്ത്തിന് സഹായിച്ചു. മാങ്ങാട് എ.കെ.ജി. ക്ലബ് പ്രവര്‍ത്തകരും സഹായവുമായെത്തി. ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി ഉദ്ഘാടനംചെയ്തു. ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. എ.ബാലകൃഷ്ണന്‍, കുഞ്ഞമ്പു, ബാലകൃഷ്ണന്‍, സുധാലക്ഷ്മി, ഗംഗാധരന്‍, മധുസൂദനന്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകരായ കൊട്ടെടന്‍, കുമാരന്‍, രാമകൃഷ്ണന്‍, വെള്ളച്ചി, ചോയ്ച്ചി, കല്യാണി എന്നിവരെയും പഞ്ചായത്തംഗം ബാലകൃഷ്ണനെയും ആദരിച്ചു. വിളവെടുത്ത നെല്ല് ഡിസംബറിലെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിലേക്കും നിര്‍ധനരായ പത്ത് കുടുംബങ്ങള്‍ക്കും നല്കും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

Print this news