ഉറ്റവര്‍ കൈയൊഴിഞ്ഞവര്‍ക്ക് സാന്ത്വനം പകര്‍ന്ന് സീഡ് കൂട്ടുകാര്‍

Posted By : ksdadmin On 21st October 2015


 

 
 
ഉദുമ: ജീവിത സായാഹ്നത്തില്‍ ഉറ്റവര്‍ കൈയൊഴിഞ്ഞവര്‍ക്ക് സാന്ത്വനം പകര്‍ന്നെത്തിയ സീഡ് കൂട്ടുകാര്‍ പാട്ടും നൃത്തവുമായി ഒരുപകല്‍ മുഴുവന്‍ 'അവര്‍'ക്കൊപ്പം തങ്ങി. കൂട്ടുകാരുടെ പാട്ടുനൃത്തവും, മുറുകിയതോടെ സങ്കടങ്ങളെല്ലാം മറന്ന് 'അവരും' കുട്ടികള്‍ക്കൊപ്പം ചുവടുവെച്ചു. ചിലര്‍ തങ്ങള്‍ക്കറിയുന്ന പാട്ടുകള്‍ സദസ്സില്‍ അവതരിപ്പിച്ചതോടെ വൃദ്ധമന്ദിരത്തില്‍ ഒരുദിവസം കൂടി ആഹ്ലാദം നിറഞ്ഞു. 
പാലക്കുന്ന് അംബികാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ് കൂട്ടുകാരാണ്, പരവനടുക്കം സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സമ്മാനങ്ങളുമായി എത്തിയത്. 60 അന്തേവാസികള്‍ക്ക് പാദരക്ഷകളും പഴവര്‍ഗങ്ങളുമായാണ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ സീഡ് കൂട്ടുകാര്‍ വൃദ്ധമന്ദിരത്തിലെത്തിയത്. 
എല്ലാവരുംമുണ്ടായിട്ടും വൃദ്ധമന്ദിരത്തിലെത്തിയ തങ്ങളുടെ പൂര്‍വകഥ ചിലര്‍ വിവരിച്ചപ്പോള്‍ കുട്ടികളുടെ കണ്ണുകളും നനഞ്ഞു. 
വയോജനങ്ങളുടെ ക്ഷേമത്തിനായി വരുംനാളുകളിലും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന തീരുമാനത്തോടെയാണ് കൂട്ടുകാര്‍ വൈകുന്നേരം വൃദ്ധമന്ദിരത്തില്‍ നിന്ന് പിരിഞ്ഞത്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, പാലക്കുന്ന് അംബിക വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പി.അരവിന്ദാക്ഷന്‍, പ്രിന്‍സിപ്പല്‍ എം.വി.ബാബുരാജ്, പി.ദാമോദരന്‍, ശുഭ വേണുഗോപാല്‍, സീഡ് പ്രവര്‍ത്തകരായ ശ്രുതി വേണുഗോപാല്‍, സജ്‌നാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 
 
 
 
 
 

Print this news