തൃപ്രയാര്‍: കടലാമകള്‍ മുട്ടയിടാന്‍ വരുന്ന കഴിമ്പ്രം കടപ്പുറത്ത് ഒത്തുകൂടി, കടലാമയുടെ രൂപത്തില്‍ നിന്ന് അവര്‍ കടലാമ സംരക്ഷണപ്രതിജ്ഞ ചൊല്ലി. മാതൃഭൂമി സീഡ് ഏറ്റെടുത്ത 'കടലാമക്കൊരു കൈത്തൊട്ടിലി'ന്റെ ജില്ലാതല ഉദ്ഘാടനം നടന്ന കഴിമ്പ്രം വി.പി.എം. എസ്.എന്‍.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് കടപ്പുറത്തെത്തി കടലാമകളെ സംരക്ഷിക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയത്.

'കടലാമക്കൊരു കൈത്തൊട്ടില്‍' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സാമൂഹിക വനവത്കരണ വിഭാഗം റിട്ട. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ. പ്രദീപ്, പി.ടി.എ. പ്രസിഡന്റ് പ്രേംകുമാര്‍ തൈപ്പറമ്പത്ത്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.കെ. കൃഷ്ണകുമാര്‍, കഴിമ്പ്രം സ്‌കൂള്‍ അധ്യാപിക വി.ജി. സിന്ധു, സീഡ് ജില്ലാ എക്‌സിക്യൂട്ടിവ് ടോണി എം. ടോം എന്നിവര്‍ സംസാരിച്ചു.

ഡി. രാജേന്ദ്രന്‍, സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ നന്ദകുമാര്‍ എന്നിവര്‍ കടലാമകളെക്കുറിച്ചും കടലാമ സംരക്ഷണത്തെക്കുറിച്ചും ക്ലാസെടുത്തു.
കയ്പമംഗലം, ചാമക്കാല, വലപ്പാട്, കഴിമ്പ്രം, എടമുട്ടം, പള്ളിപ്രം, നാട്ടിക, തളിക്കുളം തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചൊവ്വാഴ്ച 10ന് മണത്തല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ക്ലാസ്സില്‍ ചാവക്കാട്, മന്ദലാംകുന്ന്, പുത്തന്‍ കടപ്പുറം, കടപ്പുറം, ബ്ലാങ്ങാട്, ഇരട്ടപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളും സന്നദ്ധപ്രവര്‍ത്തകരും സാമൂഹിക വനവത്കരണ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുക്കും.