'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍' പദ്ധതി തുടങ്ങി

Posted By : knradmin On 19th October 2015


 

 
 ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്ക് മുമ്പില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍, മണലില്‍ തീര്‍ത്ത പ്രതീകമാത്മക കടലമായെ, ഒരേ മനസ്സോടെ നെഞ്ചോടുചേര്‍ത്തു. 
സ്‌നേഹവും ലാളനയും കലര്‍പ്പില്ലാത്ത മനസ്സുമായി കടലാമയുടെ മണല്‍ ശില്പത്തെ കടലിലേക്കൊഴുക്കുകയും ചെയ്തു.
മാതൃഭൂമി സീഡിന്റെ പുതിയ ദൗത്യമാണ് 'കടലാമയ്‌ക്കൊരു കൈത്തൊട്ടില്‍'. നീലേശ്വരം മരക്കാപ്പ് കടപ്പുറത്താണ് കടലാമയെ മണലില്‍ തീര്‍ത്തത്.
 പദ്ധതി നടപ്പാക്കിയശേഷം 131 കടലാമമുട്ടകള്‍ ശേഖരിച്ചത് ഈ കടപ്പുറത്തുനിന്നാണ്. കടലാമകളുടെ സംരക്ഷണത്തിനായി നമുക്ക് കൈകോര്‍ക്കാമെന്ന സന്ദേശത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരിശീലനപരിപാടിയുടെ ഉദ്ഘാടനമാണ് മരക്കാപ്പ് കടപ്പുറത്ത് നടന്നത്.     എഴുത്തുകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ വിഷത്തിനെതിരെ ആദ്യം ശബ്ദിച്ച മാതൃഭൂമി കടലാമകളെ സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുവെന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന്  അംബികാസുതന്‍  പറഞ്ഞു.  
കടലാമകള്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവയും ഇല്ലാതായികൊണ്ടിരിക്കുന്നുവെന്ന അപകടകരമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടാകുന്നതിനിടയിലാണ് മാതൃഭൂമിയുടെ ഈ പുതിയ ദൗത്യമുണ്ടാകുന്നത് അംബികാസുതന്‍ പറഞ്ഞു.
കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സോഷ്യല്‍ ഫോറസ്ട്രിയിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി.കെ.ലോഹിതാക്ഷന്‍, പ്രഥമധ്യാപകന്‍ എം.കെ.ബാബുരാജ്, സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.പി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് സ്വാഗതവും മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. കടലാമസംരക്ഷണ പ്രവര്‍ത്തനം നടത്തുന്ന  നെയ്തല്‍ സംഘടനയുടെയും സോഷ്യല്‍ ഫോറസ്ട്രിയുടെയും സഹകരണത്തോടെ നടന്ന ചടങ്ങില്‍ സെമിനാറും ഫോട്ടോ പ്രദര്‍ശനവും നടന്നു. നെയ്തല്‍ സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.വി.സുധീര്‍കുമാര്‍ എന്നിവര്‍ കടലാമസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. ആര്‍ട്ടിസ്റ്റും കക്കാട് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററുമായ ശ്യാമ ശശിയാണ് മണല്‍കൊണ്ട് കടലാമയെ തീര്‍ത്തത്.
 

Print this news