കണ്ണൂര്‍: ലോക വയോജനദിനത്തിന്റെ ഭാഗമായി പഴയങ്ങാടി റോട്ടറി ക്‌ളബ്, വെങ്ങര പ്രിയദര്‍ശിനി സീഡ് ഇക്കോക്‌ളബ്, നന്മ ക്‌ളബ് എന്നിവ പുതിയങ്ങാടി മൊട്ടാമ്പ്രത്തുള്ള വയോജനമന്ദിരം സന്ദര്‍ശിച്ചു.
റോട്ടറി ക്‌ളബ്ബിന്റെ വകയായി പുതുവസ്ത്രവിതരണവും അന്നദാനവും നടന്നു. വയോജനങ്ങളോടൊപ്പം എല്ലാവരും ഭക്ഷണം കഴിച്ചു. വെങ്ങര പ്രിയദര്‍ശിനി സീഡ്, നന്മ ക്‌ളബ് അംഗങ്ങള്‍ ശേഖരിച്ച അരി, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും വിതരണം ചെയ്തു.
കെ.വി.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പഴയങ്ങാടി റോട്ടറി ക്‌ളബ് പ്രസിഡന്റ് വി.കെ.വി.മനോജിന്റെ അധ്യക്ഷതയില്‍ ഉപേന്ദ്ര ഷേണായ് ഉദ്ഘാടനം ചെയ്തു. ഫാ. ഹാരിസ് അനുഗ്രഹപ്രഭാഷണം നടത്തി. ഐ.വി.ദിനേശന്‍, പ്രഥമാധ്യാപിക കെ.വി.ഗീതാമണി, പി.ടി.എ. പ്രസിഡന്റ് ഗോവിന്ദന്‍ നമ്പീശന്‍, സീഡ്, നന്മ കോ ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഭാഗ്യലക്ഷ്മി, കെ.ശ്യാമള എന്നിവര്‍ പങ്കെടുത്തു. റോട്ടറി ക്‌ളബ് സെക്രട്ടറി ഹരീഷ് കക്കീല്‍ നന്ദിപറഞ്ഞു.