കട്ടപ്പന: ജലം ജീവന്റെ അമൃത് എന്ന സന്ദേശമുയര്‍ത്തി മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നരിയന്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ ''തലമുറയ്ക്കുവേണ്ടി ഒരിറ്റുജലം'' പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമായി.
ശുദ്ധജല ദൗര്‍ലഭ്യം ഉച്ചഭക്ഷണപദ്ധതിക്ക് തടസമായിരുന്നു. മറ്റ് ആവശ്യങ്ങള്‍കൂടി ഏറിവന്നതോടെ ശുദ്ധജല സന്പാദനത്തിന്റെ ചിന്ത കൂടിവന്നു. ഇതിനിടെയാണ് സീഡ് പദ്ധതിയുടെ വിലയിരുത്തലിന് മാതൃഭൂമി പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തിയത്. സ്‌കൂള്‍ നിര്‍മാണത്തിന് പാറപൊട്ടിച്ചുണ്ടായ വലിയ കുളത്തിന്റെ ആകൃതിയിലുള്ള സ്ഥലം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടം വൃത്തിയാക്കി കെട്ടിയെടുത്ത് മഴവെള്ളം സംഭരിച്ച് ശുദ്ധമായി സംരക്ഷിക്കാമെന്ന ഇവരുടെ ആശയമാണ് 15 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള വലിയ പദ്ധതിയിലേയ്ക്ക് സ്‌കൂള്‍ അധികൃതരെ എത്തിച്ചത്.
അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവു കണക്കാക്കുന്നത്. ഏറ്റവുംനല്ല സ്‌കൂള്‍ പി.ടി.എ.യ്ക്ക് കിട്ടിയ സര്‍ക്കാരിന്റെ അവാര്‍ഡ് തുകയായ 2,85,000 രൂപ ഇതിനുവേണ്ടി ചെലവഴിക്കും. ഒപ്പം നന്മ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ സന്പാദിക്കുന്ന പണവും.
വെള്ളിയാഴ്ച രാവിലെ റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ബി.ഉണ്ണികൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്‍, ജില്ലാ പഞ്ചായത്തംഗം മേരി ആന്റണി, ഹെഡ്മാസ്റ്റര്‍ കെ.എന്‍.രാധാകൃഷ്ണപിള്ള, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന അവാര്‍ഡു നേടിയ പി.ടി.എ. അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു