എസ്.ഡി.വി. മുന്നിലായത് സ്‌കൂളില്‍നിന്ന് വീട്ടിലേക്കും പിന്നെ നാട്ടിലേക്കും കടന്നപ്പോള്‍

Posted By : Seed SPOC, Alappuzha On 30th September 2015


 
 
ആലപ്പുഴ: പഠനവഴികളില്‍ വൈവിധ്യം ചേര്‍ത്തപ്പോള്‍ എസ്.ഡി.വി.ബോയ്‌സ് ഹൈസ്‌കൂളിന് ഹരിത ചാരുത. മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളിലൂടെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെ ഹരിതവിദ്യാലയമെന്ന പദവി എസ്.ഡി.വി. നേടി. ദിനാചരണങ്ങള്‍, പ്രകടനങ്ങള്‍, വിളവെടുപ്പ് എന്നീ ചതുരങ്ങളില്‍ മാത്രം ഒതുങ്ങാതെ നടത്തിയ പ്രവര്‍ത്തനമാണ് സ്‌കൂളിനെ മുന്‍നിരയിലെത്തിച്ചത്. 
 പരിസ്ഥിതി ദിനാചരണത്തോടെയാണ് പോയവര്‍ഷം സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഷ്ട്രീയം, സാഹിത്യം, പത്രപ്രവര്‍ത്തനം തുടങ്ങിയ 14 മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. മരം നടീലും കൂറ്റന്‍ കാന്‍വാസില്‍ പരിസ്ഥിതിദിന സന്ദേശം രേഖപ്പെടുത്തലും എല്ലാം ഇതിനൊപ്പം നടന്നു.
പക്ഷി നിരീക്ഷകനായ മാന്നാര്‍ ഹരികുമാറിന്റെ സഹായത്തില്‍ നടന്ന പക്ഷി നിരീക്ഷണക്കളരി വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ പുതിയ ആകാശം പകര്‍ന്നു. സ്‌കൂള്‍ പരിസരം മുതല്‍ വൈ.എം.സി.എ. വരെയുള്ള നിരത്ത് വൃത്തിയാക്കി. ചിറപ്പ് മഹോത്സവത്തിന് നഗരം പ്ലാസ്റ്റിക്  വിമുക്തമാക്കുന്നതിന് സന്ദേശം നല്കി. കാന്‍സര്‍ ബാധിതനായ സഹപാഠിക്ക് വേണ്ടി ചെറിയതുക സമാഹരിച്ച് നല്കി. നഗരസഭാ വയോമന്ദിരത്തിലെ 22 അന്തേവാസികള്‍ക്ക് സദ്യയും ഓണപ്പുടവയും നല്കി.
നഗരത്തിലെ വൃക്ഷങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍ ഉള്‍പ്പെടെ 820 ജീവജാലങ്ങളുടെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി. കേന്ദ്ര ജൈവവൈവിധ്യ ബോര്‍ഡിന്റെ അഭിനന്ദനം നേടുകയും ചെയ്തു. സ്‌കൂള്‍ വളപ്പില്‍ കപ്പയും വാഴയും പച്ചക്കറിയും വിളയിച്ച കുട്ടികള്‍ വീട്ടിലേക്കും ഇത് പടര്‍ത്തി. കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് അതിനായി പരിശീലനവും നല്കി. പച്ച ബനിയനില്‍ സീഡ് മുദ്രയുറപ്പിച്ച് നീങ്ങിയ വിദ്യാര്‍ഥികളുടെ കരുത്താണ് എസ്.ഡി.വി.യുടെ അടിത്തറ.
 അതിനുതകുംവിധം വിദ്യാര്‍ഥികളെ നയിക്കാന്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.സി. സ്‌നേഹശ്രീക്ക് കഴിഞ്ഞെന്നതാണ് വിജയത്തിന് ആഹ്ലാദം പകരുന്നത്. 
 
 

Print this news