പഴയവിടുതിയില്‍ നെല്‍കൃഷിയുടെ വീണ്ടെടുപ്പുമായി കുട്ടികര്‍ഷകര്‍

Posted By : idkadmin On 30th September 2015


രാജാക്കാട്: ഒരുകാലത്ത് നെല്‍കൃഷിയുടെ കേദാരമായിരുന്ന പഴയവിടുതി പാടശേഖരം ഓര്‍മ്മയായി മാറുമ്പോള്‍ നെല്‍കൃഷി നടത്തി നഷ്ടസൗഭാഗ്യങ്ങള്‍ വീണ്ടെടുക്കുകയാണ് പഴയവിടുതി ഗവ.യു.പി.സ്‌കൂളിലെ കുട്ടികള്‍. ഉത്സവാന്തരീക്ഷത്തിലായിരുന്നു നെല്‍കൃഷി. വൈവിധ്യമാര്‍ന്ന പച്ചക്കറികളും ഭക്ഷ്യവിളകളും നട്ടുപരിപാലിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെല്‍കൃഷി അപൂര്‍വ്വാനുഭവമായി. മുണ്ടും ബ്ലൗസും ധരിച്ച് പെണ്‍കുട്ടികളും കൈലിമുണ്ടും ബനിയനും ധരിച്ച് ആണ്‍കുട്ടികളും പാടത്തിറങ്ങി. പരമ്പരാഗതരീതിയില്‍ ഞാറ്റുപാട്ട് പാടിയാണ് ഞാറുനട്ടത്. പാരമ്പര്യ കൃഷിസമ്പ്രദായവും വിത്തിനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ 'സീഡ്' നടപ്പിലാക്കുന്ന പൊന്മണിപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് നല്‍കിയ 'പാല്‍ത്തോണി' വിത്താണ് വിദ്യാര്‍ഥികള്‍ ഞാറാക്കി മാറ്റിയത്.
പ്രഥമാധ്യാപകന്‍ ജോയി ആന്‍ഡ്രൂസ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഷിബു, ജോഷി തോമസ്, പി.ടി.എ. പ്രസിഡന്റ് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി. രാജാക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിലാല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.അനില്‍ എന്നിവര്‍ ചേര്‍ന്ന് ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളും ഞാറുനടീല്‍ ഉത്സവത്തില്‍ പങ്കുചേര്‍ന്നു. 

Print this news