തൃശ്ശൂര്‍:ഞായറാഴ്ച കുര്‍ബ്ബാനയ്ക്കുശേഷം പള്ളിയില്‍ വികാരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശ്വാസികള്‍ 'സീഡ്' പ്രതിജ്ഞയെടുത്തു.
തൃശ്ശൂര്‍ അതിരൂപതയിലെ കണ്ണംകുളങ്ങര ക്രിസ്തുരാജ പള്ളിയിലാണ് 500ഓളം വിശ്വാസികള്‍ സമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ഒരുതരിപോലും ഭക്ഷണം പാഴാക്കുകയില്ലെന്ന് അള്‍ത്താരയ്ക്കു മുമ്പില്‍ പ്രതിജ്ഞ ചൊല്ലിയത്.
മാതൃഭൂമി സീഡ് പദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്ത വാര്‍ത്തയാണ് ഇവര്‍ക്ക് പ്രചോദനമായത്.
ഇടവക വികാരിയും അതിരൂപത വികാരി ജനറാളുമായ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടാണ് കുര്‍ബാനമധ്യേ വിഷയത്തിന്റെ പ്രാധാന്യം വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുത്തത്.
കുര്‍ബ്ബാനയ്ക്കു ശേഷം ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിശ്വാസികള്‍ വലതുകരം മുന്നിലേക്കു പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. 'ദിനംപ്രതി 20,000 കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയില്ലെന്നും, ഒരു തരിപോലും പാഴാക്കില്ലെന്നും' അവര്‍ പ്രതിജ്ഞചൊല്ലി.
സണ്‍ഡെ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോണ്‍സണ്‍ ചാലിശ്ശേരി, അസി. എച്ച്എം എം.ടി. ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിരൂപതയിലെ സാമൂഹികവിഭാഗമായ 'സാന്ത്വനം' പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍കൂടിയാണ് ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്.