നടുവട്ടം: കാര്ഷികമേഖലയിലെ പുത്തൻ അറിവുകള്തേടി നടുവട്ടം ഗവ. ഹൈസ്കൂളിലെ സീഡ് വിദ്യാര്ഥികളെത്തി. തിരുവേഗപ്പുറയിലെ പാടശേഖരങ്ങളില് നടക്കുന്ന യന്ത്രവത്കൃത കൃഷിരീതികള് മനസ്സിലാക്കാനാണ് മുക്കുറ്റി സീഡ് ക്ലബ്ബിലെ അംഗങ്ങള് പാടത്തെത്തിയത്.
പായഞാറ്റടി തയ്യാറാക്കി നടീല്യന്ത്രമുപയോഗിച്ച് നടക്കുന്ന ഞാറുനടല്രീതികള് കുട്ടികള് കണ്ടും ചെയ്തും പരിശീലിച്ചു. പട്ടാമ്പിബ്ലോക്കിലെ വനിതാ തൊഴില്സേനയിലെ അംഗങ്ങളാണ് കുട്ടികള്ക്ക് യന്ത്രവത്കൃത ഞാറുനടീലിനെക്കുറിച്ച് പരിശീലനം നല്കിയത്. കുട്ടികള്ക്ക് ഇത് പുത്തന് അറിവുകൂടിയായി. പലരും യന്ത്രത്തില് പരിശീലനം നടത്തി. പ്രധാനാധ്യാപകന് സി.എസ്. ലംബോധരന്, സീഡ് കോ-ഓർഡിനേറ്റര് എം.കെ.ബീന, പി.ടി. ചന്ദ്രന്, ജെ. നരേന്ദ്രന്, എന്.എ. ബീന, കെ. പ്രമോദ്, ടി.എം. സുധ തുടങ്ങിയവര് നേതൃത്വംനല്കി.