ഷൊറണൂര്: തെരുവുനായശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാര്ഥികള് നഗരസഭാധ്യക്ഷന് എസ്. കൃഷ്ണദാസിന് നിവേദനംനല്കി. എസ്.എന്. ട്രസ്റ്റ് സെന്ട്രല് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നിവേദനം സമര്പ്പിച്ചത്.
വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലും മൈതാനത്തും തെരുവുനായശല്യം രൂക്ഷമാണ്. അതുകൊണ്ട് കായികപരിശീലനത്തിന് വിദ്യാര്ഥികള്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന് സാധിക്കുന്നില്ലെന്ന് വിദ്യാര്ഥികള് പറഞ്ഞു.
പൊതുസ്ഥലങ്ങളില് നിക്ഷേപിക്കുന്ന മാലിന്യവും ട്രെയിന്യാത്രക്കാര് ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളുമാണ് നായ്ക്കളുടെ ഭക്ഷണം. ഇത് ഇവയുടെ എണ്ണം കൂടാനും കാരണമാകുന്നുണ്ടെന്ന് കുട്ടികള് ചൂണ്ടിക്കാട്ടി. നഗരസഭയുടെ വിവിധ പദ്ധതികളെക്കുറിച്ച് നഗരസഭാധ്യക്ഷന് എസ്. കൃഷ്ണദാസ് കുട്ടികളുമായി സംവദിച്ചു.
സ്കൂള് പ്രിന്സിപ്പൽ എ. കനകലത, പി.ടി.എ. പ്രസിഡന്റ് എം.ബി. രതീഷ്കുമാര്, സീഡ് കോ-ഓര്ഡിനേറ്റര് ആര്. വിനോദ്, നകുല്ദേവ്, ശ്രീഹരി, അഖില, അഖിത എന്നിവര് നേതൃത്വംനല്കി.