കോട്ടയം: ബ്രഹ്മമംഗലം വി.എച്ച്.എസ്.ഇയില്‍ രക്ഷാകര്‍തൃയോഗം 'ഗ്രീന്‍ക്ലാസ്‌റൂം' മാതൃകയില്‍. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍മുറ്റത്തെ ലക്ഷ്മിതരുവിന്റെ തണലില്‍ യോഗം സംഘടിപ്പിച്ചത്.
സീഡ് പ്രവര്‍ത്തനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഗ്രീന്‍ക്ലാസ്‌റൂം. സ്‌കൂള്‍ മുറിക്കുള്ളില്‍നിന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക് ഇറങ്ങി മരത്തണലില്‍ പഠനം നടത്തുകയാണ് ലക്ഷ്യം.
സ്‌കൂളിലെ രണ്ടാം വര്‍ഷ ബാച്ചിലെ 50 കുട്ടികളും അവരുടെ രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു. സീഡ് നടപ്പാക്കുന്ന 'മുറ്റത്തൊരു മാവ്' പരിപാടിയുടെ ഭാഗമായി എല്ലാ രക്ഷിതാക്കള്‍ക്കും, മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന വിളവേറിയ ഇനം മാവിന്‍തൈകളും വിതരണം ചെയ്തു. പുതിയ രീതിയല്‍ സ്‌കൂളില്‍ നടത്തിയ യോഗത്തെ രക്ഷിതാക്കള്‍ ഒന്നടങ്കം സ്വാഗതം ചെയ്തു.
രക്ഷിതാക്കളുടെ പിന്തുണ ലഭിച്ചതോടെ ഇനി എല്ലാ രക്ഷാകര്‍തൃയോഗവും മരത്തണലില്‍ ഒത്തുചേരാനാണ് തീരുമാനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്.അഞ്ജന, സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.രതീഷ്, സ്റ്റാഫ് സെക്രട്ടറി സിജി ജേക്കബ്, സീനിയര്‍ അസിസ്റ്റന്റ് റസ്സല്‍, സീഡ് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.