പുത്തൂര്‍: മാതൃഭൂമി സീഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ താഴത്തുകുളക്കട ഡി.വി.യു.പി.എസ്സില്‍ ആരംഭിക്കുന്ന സീഡ് കൃഷിപാഠം പദ്ധതിക്ക് ആവേശകരമായ തുടക്കം. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അണിനിരന്ന പ്രത്യേക വേദിയില്‍ പദ്ധതി ഉദ്ഘാടനം വാര്‍ഡ് അംഗം ആര്‍.രശ്മി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മോഹനന്‍ പിള്ള അധ്യക്ഷനായി.
സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികള്‍തന്നെ തയ്യാറാക്കുന്ന ഗ്രോബാഗുകളില്‍ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്യും. കാര്‍ഷികവകുപ്പിന്റെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുക. വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിവിത്തുകളുടെ വിതരണവും ചടങ്ങില്‍ നടന്നു. കൃഷി ഓഫീസര്‍ പുഷ്പ ജോസഫാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്. പ്രഥമാധ്യാപകന്‍ ടി.എന്‍.ഹേമന്ത്, അധ്യാപകരായ ജി.രാജേന്ദ്രന്‍, എസ്.ദയാദേവി, ശ്രീകല എസ്., ആര്‍.വസന്തകുമാരി, ആര്‍.രാധിക, ജി.ഇന്ദിരാഭായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് എസ്.പ്രസാദ് മുന്‍വര്‍ഷത്തെ സീഡ് പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.