വൈക്കം ഗവ. എച്ച്.എസ്.എസ്സിലെ പച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്‌

Posted By : ktmadmin On 10th September 2015


 വൈക്കം: വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സീഡ് ക്ലബ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നുനടത്തിയ ജൈവപച്ചക്കറിയുടെ വിളവെടുപ്പ് നടത്തി.
പാവല്‍, വെണ്ട, തക്കാളി, പച്ചമുളക്, പടവലം, വഴുതന, ചീര, ചുരക്ക തുടങ്ങിയവയാണ് കൃഷിചെയ്തത്. സ്‌കൂളിനുചുറ്റുമുള്ള 20 സെന്റ് സ്ഥലം ഒരുക്കിയാണ് കൃഷിനടത്തിയത്.
നഗരസഭാധ്യക്ഷ ശ്രീലതാ ബാലചന്ദ്രന്‍ വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീനാ നായര്‍ അധ്യക്ഷയായി. എച്ച്.എം. പി.ജി.ദാസമണി, കൃഷിഓഫീസര്‍ സലിം എന്നിവര്‍ പ്രസംഗിച്ചു. കൃഷിക്ക് മേല്‍നോട്ടം വഹിച്ച ചെല്ലപ്പനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Print this news